ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് വകഭേദങ്ങളില്‍ 19 എണ്ണം ശരീരത്തിന്‍റെ
പ്രതിരോധശേഷി മറികടക്കാന്‍ (ഇമ്യൂണ്‍ എസ്‌കേപ്പ്) ശേഷിയുള്ളതാണെന്ന് ഗവേഷണ ഫലം. ആന്ധ്രപ്രദേശില്‍ രോഗം ബാധിച്ച 34 ശതമാനം പേരിലും കണ്ടെത്തിയ ‘എന്‍ 440’ വകഭേദം ഇത്തരത്തിലുള്ളതാണ്. ജനിതക ശ്രേണീകരണത്തില്‍ തെലങ്കാനയിലും മഹാരാഷ്ട്രയിലും ഈ വകഭേദമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
യുകെയില്‍ ഈയിടെ കണ്ടെത്തിയ ‘എന്‍501വൈ’ വകഭേദമാണ് അടുത്തിടെ ആശങ്കയ്ക്ക് ഇടയാക്കിയത്. എന്നാല്‍, ഈ വൈറസ് പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ ശേഷിയുള്ളതാണോയെന്ന് വ്യക്തമല്ല.
യുകെയില്‍ നിന്നും ഇന്ത്യയിലേക്കെത്തിയവരില്‍ ആര്‍ക്കും ഈ വകഭേദം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുമില്ല. ഇമ്യൂണ്‍ എസ്ക്കേപ്പ് ആയതിനാല്‍ യുകെയില്‍ കണ്ടെത്തിയ വകഭേദത്തെക്കാള്‍ ശ്രദ്ധ വേണ്ടത് ആന്ധ്രയില്‍ കണ്ടെത്തിയ വൈറസിനെയാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രെറ്റീവ് ബയോളജിയിലെ (ഐജിഐബി) പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. വിനോദ് സ്കറിയ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഐജിഐബിയുടെ പഠനത്തില്‍ ആന്ധ്രയില്‍ കണ്ടെത്തിയ വകഭേദം ആദ്യം വേര്‍തിരിച്ചത്.