ദില്ലി : മേയ് മൂന്നിന് ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കേ രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1463 പുതിയ കൊവിഡ് കേസുകളും 60 മരണങ്ങളുമാണ്. 24 മണിക്കൂറിനിടെ ഇത്രയും മരണം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. രോഗവ്യാപനത്തിന് പൂര്‍ണ്ണമായും തടയിടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന നിലപാടിലാണ് കേരളവും മേഘാലയയും ഒഡീഷയും ഗോവയും. മേയ് 15 വരെ ഭാഗികമായി ലോക്ക് ഡൗണ്‍ നീട്ടണമെന്നതാണ് കേരളത്തിന്റെ നിലപാട്. ലോക്ക് ഡൗണ്‍ ഒരു മാസത്തേക്ക് നീട്ടണമെന്നാണ് ഒഡീഷയുടെ ആവശ്യം. എന്നാല്‍ നിയന്ത്രിതമായ ഇളവുകളോടെ ലോക്ക് ഡൗണ്‍ തുടരണമെന്നതാണ് ഗോവയുടെ നിര്‍ദ്ദേശം.
മഹാരാഷ്ട്രയില്‍ ഇന്ന് 522 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 8590 ആയി. ഇന്ന് മാത്രം 27 പേരാണ് മരിച്ചത്. ഒരു ദിവത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ മരണ സംഖ്യ 369 ആയി. ധാരാവിയില്‍ 13 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ ഇന്ന് 247 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 11 പേര്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 3548 ആയി. ആയുര്‍വേദം എത്രത്തോളം ഫലപ്രദമാണെന്ന് പഠിക്കാന്‍ അഹമ്മദാബാദില്‍ കൊവിഡ് രോഗികള്‍ക്ക് ആയുവര്‍വേദ മരുന്ന് നല്‍കാന്‍ തീരുമാനിച്ചു. രോഗ ലക്ഷണങ്ങളില്ലാത്ത 75 പേര്‍ക്കാണ് മരുന്നുകള്‍ നല്‍കുകയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ദില്ലിയില്‍ ആശങ്കയുയര്‍ത്തി കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലി അംബേദ്ക്കര്‍ ആശുപത്രിയില്‍ 29 പേര്‍ക്കും മാക്‌സില്‍ ഒന്‍പത് മലയാളി നഴ്‌സുമാര്‍ക്ക് കൂടിയാണ് രോഗം സ്ഥീരീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം പടരുന്നതിന്റെ കാരണമറിയാന്‍ ഏഴ് ആശുപത്രികളില്‍ പരിശോധനയ്ക്ക് ദില്ലി സര്‍ക്കാര്‍ ഉത്തരവിട്ടു.
ചെന്നൈയില്‍ മാത്രം രോഗബാധിതര്‍ 500 കടന്നു. ചെന്നൈ റോയപുരത്ത് സ്ഥിതി സങ്കീര്‍ണമാണ്. ഇതുവരെ 145 പേര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ എട്ടു പേരില്‍ രോഗം കണ്ടെത്തി. റോയപുരത്തോട് അടുത്ത സ്ഥലങ്ങളിലും രോഗവ്യാപനതോത് വര്‍ദ്ധിക്കുന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പടെ അമ്പതോളം ആരോഗ്യ പ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്. സമൂഹ വ്യാപനം തടയാന്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ അല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നാണ് 18 അംഗ വിദഗ്!ധ സമിതിയുടെ നിര്‍ദേശം തമിഴ്‌നാട്ടില്‍ രോഗ ബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നീട്ടിയേക്കും. റെഡ് സോണ്‍ മേഖലയില്‍ നിര്‍ബന്ധമായും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു.