ദില്ലി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 19 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം അമ്പതിനായിരത്തിലേറെ പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികള്‍ 1,963,239ആയി. മരണ സംഖ്യ നാല്‍പ്പതിനായിരം കടന്നു. രാജ്യത്ത് ഏറ്റവും കുടുതല്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 4,68,265 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മുംബൈയില്‍ കൊവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറയുന്നുവെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.
തമിഴ്നാട്ടിലും പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ട്. എന്നാല്‍ മരണസംഖ്യ കൂടുന്നു. കോവിഡ് ബാധിച്ച് തമിഴ്നാട്ടില്‍ ബുധനാഴ്ച മരിച്ചത് 112 പേരാണ്. 5175 പുതിയ രോഗികള്‍. 6031 ആളുകള്‍ ഇന്ന് രോഗമുക്തി നേടി. 54184 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ചെന്നൈയില്‍ 1044 പേര്‍ക്ക് കൂടി വൈറസ് ബാധയേറ്റും. കോയമ്പത്തൂരില്‍ 112, കന്യാകുമാരിയില്‍ 175, തേനിയില്‍ 278 എന്നിങ്ങനെയാണ് പുതിയ രോഗികള്‍.
കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. ഇന്നലെ 5619പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സഹകരണ വകുപ്പ് മന്ത്രി എസ് ടി സോമശേഖരയും ഇതില്‍ ഉള്‍പെടുന്നു. ബെംഗളൂരുവില്‍ 1848 പുതിയ വൈറസ് ബാധിതര്‍. 3083പേര്‍ ബുധനാഴ്ച ആശുപത്രി വിട്ടതോടെ ബെംഗളൂരുവിലെ ആക്റ്റീവ് കേസുകള്‍ 30,960ആയി കുറഞ്ഞു.
ബെല്ലാരി ബെലഗാവി മൈസൂരു ദാവങ്കരെ കല്‍ബുര്‍ഗി ഉഡുപ്പി ദക്ഷിണ കന്നഡ ബാഗല്‍കോട്ട് തുടങ്ങിയ ജില്ലകളില്‍ നിന്നു കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്നലെ മാത്രം സംസ്ഥാനത്ത 100 പേര്‍ മരിച്ചു. ബെംഗളൂരുവില്‍ 29 കോവിഡ് മരണങ്ങള്‍. ഇതോടെ സംസ്ഥനത്തു ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 2804 ആയി.
അതേസമയം കേരളത്തില്‍ ഇന്നലെ 1195 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1234 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 971 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 79. വിദേശത്തുനിന്ന് 66 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 125 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 13.
ബുധനാഴ്ച ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തു. പുരുഷോത്തമന്‍ (66, ചോമ്പാല, കോഴിക്കോട്), പ്രഭാകരന്‍ (73, ഫറോക്ക് കോഴിക്കോട്), മരക്കാര്‍കുട്ടി (70, കക്കട്ട്, കോഴിക്കോട്), അബ്ദുള്‍സലാം (58, വെളിനെല്ലൂര്‍, കൊല്ലം), യശോദ (59, ഇരിക്കൂര്‍, കണ്ണൂര്‍), അസൈനാര്‍ഹാജി (76, ഉടുമ്പുത്തല, കാസര്‍കോട്), ജോര്‍ജ് ദേവസി (83, തൃക്കാക്കര, എറണാകുളം) എന്നിവരാണ് മരണമടഞ്ഞത്.