ന്യൂയോര്‍ക്ക്: കൊവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനും മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ എതിര്‍പ്പ്.
മരുന്നിന് വൈറസിനെ പ്രതിരോധിക്കാനാവില്ലെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ റയാന്‍ പറഞ്ഞു. മരുന്നിന്റെ ഫലപ്രാപ്തി പഠിക്കാന്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയെന്നും പാര്‍ശ്വഫലങ്ങള്‍ കണക്കിലെടുത്ത് വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ മാത്രമേ അത് രോഗികള്‍ക്ക് നല്‍കാവൂ എന്നും അദ്ദേഹം പറഞ്ഞു. മരുന്ന് ഉപയോഗിച്ചവര്‍ക്ക് രോഗബാധയുണ്ടാകാനുള്ള സാദ്ധ്യത കുറവാണെന്നാണ് ഐ.സി.എം.ആര്‍ പറയുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത ആരോഗ്യ പ്രവര്‍ത്തകര്‍, കണ്ടെയ്ന്‍മെന്റ് സോണിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ഈ മരുന്ന് നല്‍കാമെന്നാണ് ഐ.സി.എം.ആര്‍ പറയുന്നത്. കൊവിഡ് ചികിത്സയ്ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നതില്‍ ആഗോള തലത്തില്‍ ആരോഗ്യ വിദഗ്ദ്ധര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്.