ലണ്ടന്‍ : കൊറോണ ബാധിച്ചവരില്‍ നാഡീസംബന്ധമായ ഗുരുതര രോഗങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കൊറോണവൈറസ് ബാധ സാരമായി ബാധിക്കുമെന്നും ബുദ്ധിഭ്രമം, ഉന്മാദം തുടങ്ങിയ അവസ്ഥകളുണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകര്‍ 43 കൊറോണ രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഈ രോഗികളില്‍ കൊറോണവൈറസ് ബാധ മൂലം തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയോ പക്ഷാഘാതം, നാഡീ തകരാര്‍ എന്നിവ ഉണ്ടാകുകയോ ചെയ്തതായി പഠനത്തില്‍ പറയുന്നു. കൊറോണവൈറസ് ബാധ മൂലം തലച്ചോറിന് സംഭവിക്കുന്ന തകരാറുകളെ സംബന്ധിച്ച് നടത്തിയ മറ്റ് പഠനങ്ങളും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
1920 കളിലും 30 കളിലും സ്ലീപ്പിംഗ് സിക്ക്‌നെസ് എന്ന എന്‍സെഫലൈറ്റിക്‌സ് ലെതാര്‍ജിക്ക എന്ന രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1918 ല്‍ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഫ്‌ളൂവുമായി ബന്ധപ്പെട്ടാണ് ഈ രോഗം വ്യാപിച്ചതെന്നാണ് ഒരു സംഘം ഗവേഷകര്‍ പറയുന്നത്. ചുറ്റും സംഭവിക്കുന്നതിനെക്കുറിച്ച് ധാരണയുള്ളപ്പോഴും ഒന്നും ചെയ്യാതെ മരവിപ്പ് ബാധിച്ച് ഇരിക്കുന്ന അവസ്ഥയാണ് എന്‍സെഫലൈറ്റിക്‌സ് ലെതാര്‍ജിക്ക. ഒന്നിനോടും താത്പര്യം പ്രകടിപ്പിക്കാതെ ഉറക്കം തൂങ്ങിയ അവസ്ഥയിലായതിനാലാണ് ഇത് സ്ലീപ്പിംഗ് സിക്ക്‌നെസ് എന്ന് അറിയപ്പെടുന്നത്. കൊറോണ ബാധിച്ചവരില്‍ സമാന രീതിയിലുള്ള രോഗാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വ്യക്തമാക്കുന്നു.