പത്തനംതിട്ട : ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ ചെയര്‍മാനായ ഏഴംഗ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്റ് സപ്പോര്‍ട്ട് യൂണിറ്റ് കമ്മറ്റി രൂപീകരിച്ചു. തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയലിനാണ് ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്റ് സപോര്‍ട്ട് യൂണിറ്റ് കമ്മിറ്റിയുടെ ഏകോപന ചുമതല. ഡി.പി.സി ഡെന്നിസ് ജോണ്‍, ഡിസ്ട്രിക്ട് സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സി.എസ് നന്ദിനി, നോണ്‍ മെഡിക്കല്‍ സൂപ്രവൈസര്‍ ശ്രീകുമാര്‍, ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് രമണന്‍, എന്‍.ഐ.സി ഡി.ഐ.ഒ ജിജി ജോര്‍ജ്, ഐ.ടി മിഷന്‍ ഡി.പി.എം ഷൈന്‍ ജോസ് എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങള്‍.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ബെഡ്, ഐസിയു, വെന്റ്റിലേറ്റര്‍ തുടങ്ങിയവ ഇ-ജാഗ്രത വഴി യഥാസമയം ഈ കമ്മിറ്റി നിരീക്ഷിക്കും. കോവിഡുമായി ബന്ധപ്പെട്ട വിവിധ കോള്‍ സെന്ററുകളുടെ ഏകോപനത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏകീകൃത ഹെല്‍പ്പ് നമ്പര്‍ പ്രാവര്‍ത്തികമാക്കും. ജില്ലാതലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഏകീകൃത കോള്‍ സെന്റര്‍ സജ്ജമാക്കും. എം.ബി.എ, എം.എസ്.ഡബ്ലിയു, എം.പി.എച്ച് ബിരുദക്കാരെ ഹെല്‍പ്പ് ലൈന്‍ ഏകോപനത്തിനും മാനേജിമെന്റിനും ഉപയോഗിക്കും. ജില്ലാ പ്രോഗാം മാനേജ്‌മെന്റ് ആന്റ് സപോര്‍ട്ട് യൂണിറ്റ് കമ്മിറ്റി എല്ലാ ദിവസവും ആശുപത്രിയിലെ ബെഡ് ഉള്‍പ്പെടെ ഉള്ളവ നിരീക്ഷിച്ച് ജില്ലാ കളക്ടര്‍ക്ക് വിവരങ്ങള്‍ കൈമാറും.