പത്തനംതിട്ട : കോവിഡ് സ്ഥിരീകരണ നിരക്ക് കൂടിയ മേഖലകളില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കി പോലീസ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പുനക്രമീകരിച്ചതു പ്രകാരം ടി പി ആര്‍ അഞ്ചില്‍ താഴെ വരുന്ന മേഖലകളാണ് എ വിഭാഗത്തില്‍ ഉള്ളത്. അഞ്ചു മുതല്‍ 10 വരെ ബി വിഭാഗത്തിലും 10 മുതല്‍ 15 വരെ സി കാറ്റഗറിയിലുമാണ്. 15 ന് മുകളില്‍ ഡി വിഭാഗത്തിലും.
എ, ബി വിഭാഗങ്ങളില്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഹോം ഡെലിവറിയും ടേക്ക് എവെയും രാത്രി 9.30 വരെ അനുവദിച്ചിട്ടുണ്ട്. ഇന്‍ഡോര്‍ ഗെയിമും ജിീനേഷ്യങ്ങളുംനിയന്ത്രണങ്ങളോടെ പ്രവര്‍ത്തിപ്പിക്കാം. 20 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ.
സി കാറ്റഗറിയില്‍ പെടുന്ന പ്രദേശങ്ങളില്‍ ഭാഗിക ലോക്ക്ഡൗണും, ഡി വിഭാഗത്തില്‍ വരുന്ന ഇടങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണുമായിരിക്കും.
പ്രവര്‍ത്തന അനുമതി ഉള്ള സ്ഥാപനങ്ങളും മറ്റും ഇളവുകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഇടങ്ങളില്‍ അവ പാലിക്കുന്നുണ്ടെന്നും പോലീസ് ഉറപ്പാക്കും. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോലീസ് നിരീക്ഷണം തുടരുമെന്നും ഇതുമായി ബന്ധപ്പെട്ട് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു.
കഴിഞ്ഞ ആറു ദിവസങ്ങളിലായി ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 322 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 278 പേരെ അറസ്റ്റ് ചെയ്തു. 10 കടകള്‍ക്കെതിരെ നടപടിയെടുത്തു. 524 വാഹനങ്ങള്‍ പിടിച്ചെടുത്ത് നിയമനടപടികള്‍ സ്വീകരിച്ചു. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 1437 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 852 ആളുകള്‍ക്കെതിരെയും നിയമനടപടി കൈക്കൊണ്ടതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.