പത്തനംതിട്ട : കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. രോഗവ്യാപനം ഉയര്‍ന്നനിരക്കില്‍ നില്‍ക്കുന്നതിനാല്‍ ജില്ലയില്‍ കൂടുതല്‍ ജാഗ്രത തുടരേണ്ടതുണ്ട്. ഇതിനായി ആരോഗ്യവകുപ്പും മറ്റും സ്വീകരിക്കുന്ന പ്രതിരോധ നടപടികള്‍ക്കൊപ്പം ജില്ലയിലെ പോലീസും ഉണര്‍ന്നു പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. കണ്ടെയ്ന്‍മെന്റ് മേഖലയായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ പോലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. പഞ്ചായത്ത്, റവന്യൂ അധികൃതര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സഹായം തേടും. കോവിഡ് നിയന്ത്രണങ്ങള്‍ ഏകോപിപ്പിക്കാന്‍ അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്സിന്റെ പ്രവര്‍ത്തനവും ശക്തമാക്കി.
കോവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് പ്രധാന സ്ഥലങ്ങളില്‍ പോലീസ് മൈക്ക് അനൗണ്‍സ്മെന്റ് നടത്തിവരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചാരണം നല്‍കി വരുന്നുണ്ട്. ഡി വിഭാഗത്തിലെ സ്ഥലങ്ങളില്‍ പട്രോളിംഗ് ഊര്‍ജിതമാക്കി. സി വിഭാഗത്തില്‍പ്പെട്ട ഇടങ്ങളില്‍ ശക്തമായ വാഹനപരിശോധന തുടരുന്നു. ക്വാറന്റീന്‍ നിരീക്ഷണം ശക്തമാക്കി. നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു വരികയാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ബോധവല്‍ക്കരണം തുടങ്ങിയ കാര്യങ്ങളിലും ഡിവൈഎസ്പിമാര്‍ ശ്രദ്ധപുലര്‍ത്തുന്നുണ്ട്. വിവാഹം തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിന്റെ കാര്യത്തിലും, മറ്റ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിക്കുന്നതിലും പോലീസ് നടപടി കര്‍ക്കശമാക്കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് ജില്ലയില്‍ ആകെ രജിസ്റ്റര്‍ ചെയ്ത 638 കേസുകളിലായി 606 പേരെ അറസ്റ്റ് ചെയ്തു. 15 കടകള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു, ക്വാറന്റീന്‍ ലംഘനത്തിന് രണ്ടു കേസെടുത്തു. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 6263 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 6584 ആളുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. 1348 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.