കൊച്ചി : കളമശേരി മെഡിക്കല്‍ കോളേജില്‍ ജീവനക്കാരുടെ അശ്രദ്ധ മൂലം കോവിഡ് രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ റംല ബീവിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മെഡിക്കല്‍ കോളേജ് അധികൃതരില്‍ നിന്നും ബന്ധപ്പെട്ട വകുപ്പ് മേധാവികളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയുമെന്നും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി. മരിച്ച ഹാരിസിന്റെ ബന്ധുക്കളോടും സംസാരിക്കും. ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കി ആരോഗ്യവകുപ്പ് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് നീക്കം.
അതേസമയം ചികിത്സയില്‍ ഒരു വീഴ്ചയും വന്നിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജിന്റെ വിശദീകരണം. വിവാദമായ ഓഡിയോ സന്ദേശം തയ്യാറാക്കിയ നഴ്സിംഗ് ഓഫിസറെ ഇന്നലെ തന്നെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഹാരിസിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഇന്ന് അന്വേഷണം തുടങ്ങുമെന്ന് കളമശേരി പോലീസ് വ്യക്തമാക്കി. അതേമയം ഇന്ന് മെഡിക്കല്‍ കോളേജിന് മുന്നില്‍ സമരം നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊവിഡ് വാര്‍ഡുകളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളില്‍ ചിലര്‍ക്ക് ജീവനക്കാരുടെ അശ്രദ്ധ മൂലം മരണം സംഭവിച്ചെന്നായിരുന്നു നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ ജലജ ദേവിയുടെ പേരിലുള്ള സന്ദേശത്തിന്റെ ഭാഗമാണ് പുറത്തുവന്നത്. കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആര്‍എംഒ നഴ്സിംഗ് ഓഫീസറുടെയും ഹെഡ് നഴ്സുമാരുടെയും യോഗം വിളിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലായിരുന്നു സന്ദേശം.
അതേസമയം ഹാരിസിന്റെ മരണത്തില്‍ ബന്ധുക്കള്‍ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. മരിച്ച ദിവസം ഹാരിസ് വീട്ടുകാരുമായി വീഡിയോ കോള്‍ ചെയ്തിരുന്നു. ആരോഗ്യ സ്ഥിതി മോശമായിരുന്നില്ലെന്നും നഴ്സിംഗ് ഓഫീസറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഹാരിസിന്റെ ബന്ധുക്കളുടെ തീരുമാനം.