കാന്‍പുര്‍ : കോവിഡ് ബാധിച്ച അമ്മയെ വഴിയില്‍ ഉപേക്ഷിച്ച് മകന്‍ കടന്നുകളഞ്ഞു. അമ്മയെ സ്വീകരിക്കാന്‍ തയ്യാറാകാതെ മകളും. ഒടുവില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ കേസെടുത്ത് പോലീസ്. ഉത്തര്‍പ്രദേശിലെ കാന്‍പുരിലാണ് ദയനീയ സംഭവം.
കാന്‍പുര്‍ കന്റോണ്‍മെന്റ് സ്വദേശിയായ വിശാലാണ് കഴിഞ്ഞ ദിവസം അമ്മയെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അമ്മയ്ക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ആരോഗ്യസ്ഥിതി വഷളായതോടെ ഇയാള്‍ അമ്മയുമായി ചക്കേരി മേഖലയിലെത്തുകയും തുടര്‍ന്ന് സഹോദരിയുടെ വീടിന് മുന്നിലുള്ള റോഡിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. എന്നാല്‍ ഗുരുതരാവസ്ഥയിലായ അമ്മയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ മകളും തയ്യാറായില്ല.
സംഭവം കാണാനിടയായ നാട്ടുകാര്‍ സ്ത്രീയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഈ ദൃശ്യങ്ങള്‍ കണ്ടെത്തിയ പോലീസാണ് ഒടുവില്‍ ആംബുലന്‍സ് വിളിച്ച് സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ ഇവര്‍ മരണത്തിന് കീഴടങ്ങി. അമ്മയെ ഉപേക്ഷിച്ചതിന് മകന്‍ വിശാലിനെതിരെ കേസെടുത്തതായും സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി സി പി അനുപ് സിങ് പറഞ്ഞു.