പത്തനംതിട്ട : ആറന്മുളയിൽ 108 ആംബുലൻസിനുള്ളിൽ കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ ആംബുലൻസ് പൈലറ്റായ നൗഫലിനെ ജോലിയിൽ നിന്ന് നീക്കി. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറിൻ്റെ ഉത്തരവിനെ തുടർന്നാണ് നടപടി. അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രതികരിച്ചു. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിക്കാന്‍ പോലീസിനോട് അവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ശനിയാഴ്ച രാത്രിയാണ് കോവിഡ് സ്ഥിരീകരിച്ച പന്തളം സ്വദേശിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ഡ്രൈവർ പീഡിപ്പിച്ചത്. ഡ്രൈവറായ കായംകുളം കീരിക്കാട് പനക്ക ചിറയിൽ വീട്ടിൽ നൗഫൽ തന്നെ പീഡിപ്പിച്ചതായി യുവതി പോലീസിന് മൊഴി നൽകുകയായിരുന്നു. പന്തളം സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം വടക്കടത്തുകാവിലെ ബന്ധുവീട്ടിൽ പോയിരുന്നു. ഇവിടെ നടത്തിയ കോവിഡ് പരിശോധനയിൽ യുവതിക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ബന്ധുവീട്ടിലെ 47 വയസുള്ള ആളിനും രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇരുവരെയും നൗഫൽ ഓടിച്ചിരുന്ന 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
47 വയസുകാരിയായ വടക്കടത്തുകാവ് സ്വദേശിനിയെ കോഴഞ്ചേരി ആശുപത്രിയിലേക്കും പന്തളം സ്വദേശിനിയായ യുവതിയെ പന്തളത്തെ അർച്ചന ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്കുമാണ് മാറ്റാൻ തീരുമാനിച്ചത്.
വൈകിട്ട് ഏഴുമണിയോടെ വടക്കടത്തുകാവിലെ വീട്ടിൽ നിന്നും രോഗികളെ കയറ്റിയ ആംബുലൻസ് ഡ്രൈവർ ആദ്യം കോഴഞ്ചേരിയിലേക്ക് പോയി. അവിടെ വടക്കടത്തുകാവ് സ്വദേശിനിയെ ഇറക്കിയ ശേഷം പന്തളത്തിനു വരുന്ന വഴിയാണ് ആംബുലൻസ് വഴിയിൽ നിർത്തി പീഡനം നടത്തിയതെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു.