തിരുവനന്തപുരം : കേരളത്തില്‍ ടിപിആര്‍ കൂടിയത് കോവിഡ് മൂന്നാം തരംഗമായി കണക്കാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പക്ഷേ നമ്മള്‍ മൂന്നാംതരംഗത്തിന്റെ വക്കിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും ടിപിആര്‍ കൂടിയ നിലയിലാണെന്നത് ഗൗരവമായി കാണേണ്ടതാണ്. മറ്റേതെങ്കിലും വൈറസ് വകഭേദം കേരളത്തില്‍ പടര്‍ന്നിട്ടുണ്ടോ എന്നത് പരിശോധിച്ച് തിട്ടപ്പെടുത്തേണ്ടതാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ കോവിഡ് വ്യാപനം സംബന്ധിച്ച് പഠനം നടത്തേണ്ടതുണ്ട്. കേരളത്തിലെ എല്ലാ ജില്ലയിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. അത് ഗൗരവമായി കാണേണ്ടതുണ്ട്. അത് മൂന്നാംതരംഗമാണോ എന്ന് പറയാനാവില്ല. കൂടുതല്‍ പഠനം നടത്തേണ്ടതുണ്ട്. നേരത്തെയുള്ള ഡെല്‍റ്റ വകഭേദത്തിന് പുറമേ മറ്റേതെങ്കിലും വകഭേദം വന്നിട്ടുണ്ടോയെന്നതടക്കം പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നല്ല രീതിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുപോകുക എന്നത് പരമപ്രധാനമാണ്. അതിന്റെ ഭാഗമായി സെക്‌ട്രല്‍ മജിസ്ട്രേറ്റുമാരടക്കം നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. അതു തുടരാനാണ് തീരുമാനം. സംസ്ഥാനത്ത് രോഗവ്യാപനം ചിലയിടങ്ങളില്‍ ക്ലസ്റ്ററുകളായിട്ടാണ് വരുന്നത്. അത് പ്രത്യേകമായി കണ്ട് കടുത്ത നിയന്ത്രണങ്ങളോടെ മൈക്രോ കണ്‍ടെയ്ന്മെന്റ് സോണ്‍ നടപ്പാക്കും. എല്ലാവരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് ഇന്നു ചേര്‍ന്ന അവലോകന യോഗം വിലയിരുത്തിയത്.
അതേ സമയം വല്ലാതെ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രോഗികളാകുന്നവരുടെ എണ്ണം നമ്മുടെ ചികിത്സാ സൗകര്യത്തിന്റെ പരിധി കവിയുന്നത് ഒരു ഘട്ടത്തിലും എത്തിയിട്ടില്ല. അതാണ് നമ്മുടെ കരുത്ത്. സമൂഹ ജാഗ്രത പാലിക്കണം. ഒരാള്‍ക്ക് രോഗം വന്നാല്‍ വീട്ടില്‍ തന്നെ തുടരാന്‍ പാടില്ല എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എ, ബി വിഭാഗത്തില്‍പ്പെടുന്ന പ്രദേശങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍, പബ്ലിക് ഓഫിസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പിനികള്‍, കമ്മീഷന്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയവയില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ ജോലിക്കെത്തിയാല്‍ മതിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി വിഭാഗത്തില്‍പ്പെടുന്ന പ്രദേശത്ത് 25% ഉദ്യോഗസ്ഥര്‍. കാറ്റഗറി ഡിയില്‍ അവശ്യ സര്‍വീസ് മാത്രം. എ, ബി പ്രദേശങ്ങളില്‍ ബാക്കിവരുന്ന 50% ഉദ്യോഗസ്ഥരും സിയിലെ 75% ഉദ്യോഗസ്ഥരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഉണ്ടാകണം. അവര്‍ക്ക് അതിനുള്ള ചുമതല നല്‍കാന്‍ കളക്ടര്‍മാരോട് നിര്‍ദ്ദേശിച്ചു.
ഡി വിഭാഗത്തില്‍ ബഹുഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കും. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങള്‍ ക്ലസ്റ്ററായി തിരിച്ച് മൈക്രോ കണ്ടൈന്മെന്റ് സോണാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.