ന്യൂഡല്‍ഹി: കോവിഡ് പോരാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ സംവരണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനാണ് ഇവര്‍ക്ക് സംവരണം നല്‍കുകയെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. 2020-21 അദ്ധ്യയന വര്‍ഷത്തിലെ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്റെ മാനദണ്ഡങ്ങളില്‍ ‘കൊറോണ പോരാളികളുടെ മക്കള്‍’ എന്ന പുതിയ വിഭാഗം ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
പുതിയ വിഭാഗത്തിന് വേണ്ടി അഞ്ച് സീറ്റുകള്‍ മാറ്റിവെയ്ക്കുമെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. രോഗികളെ പരിചരിച്ച എല്ലാവര്‍ക്കും അര്‍ഹമായ അംഗീകാരം നല്‍കുന്നതിന് വേണ്ടിയാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം. കൊറോണ ബാധിതരെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ച് മരിക്കുകയോ ഡ്യൂട്ടിക്കിടെ അത്യാഹിത വിഭാഗത്തില്‍ മരിക്കുകയോ ചെയ്യുന്നവരുടെ കുടുംബത്തിന് വേണ്ടിയാവും ഈ സീറ്റുകള്‍ മാറ്റി വെയ്ക്കുക.
എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിന് പുതിയ വിഭാഗത്തില്‍പ്പെട്ടവരുടെ യോഗ്യത പരിശോധിച്ച് ഉറപ്പാക്കേണ്ട ചുമതല ബന്ധപ്പെട്ട സംസ്ഥാനത്തിനോ കേന്ദ്രഭരണ പ്രദേശത്തിനോ ആണ്. നീറ്റ് 2020 റാങ്കിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ നിന്ന് മെഡിക്കല്‍ കമ്മിറ്റിയാവും യോഗ്യരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുക.