ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് വീഴ്ച്ച പറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മെച്ചപ്പെട്ട നിലയല്‍ നിന്ന് കേരളത്തിന്റെ സ്ഥിതി മോശമായെന്ന് മോദി പറഞ്ഞു. കോവിഡിന്റെ തുടക്കത്തില്‍ ഗുജറാത്ത് ഉള്‍പ്പെടെയുളള സ്ഥലങ്ങളിലായിരുന്നു സ്ഥിതി രൂക്ഷം. ആ സമയത്ത് കേരളം, കര്‍ണാടക ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ സ്ഥിതി നിയന്ത്രണവിധേയമായിരുന്നു. എന്നാല്‍, കുറച്ചുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്ഥിതി മാറി. ഗുജറാത്തില്‍ കാര്യങ്ങള്‍ അനുകൂലമായി. കുറച്ചു മാസങ്ങള്‍ക്കു ശേഷം കേരളത്തിലെ സ്ഥിതി ഇപ്പോള്‍ മോശമായി മാറിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകരുത്. മാസ്ക്, കൈകഴുകല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ കര്‍ശനമായി പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. താനൊരു ആരോഗ്യ വിദഗ്ധനല്ല. എന്നാല്‍, കണക്കുകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. എത്ര ജീവിതങ്ങളെ കോവിഡിനെതിരായ പോരാട്ടത്തിലൂടെ രക്ഷിച്ചെടുക്കാം എന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും മോദി പറഞ്ഞു.