തിരുവനന്തപുരം : കോവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷി യോഗം. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുക. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ലോക്ക്ഡൗണ്‍ വേണമെന്നാണ് ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് രണ്ട് അഭിപ്രായമുണ്ടായി. പൂര്‍ണ അടച്ചിടലാണ് ഫലപ്രദമെന്ന് ഒരു വിഭാഗം വാദിച്ചു. ചില ജില്ലകളിലെ പ്രത്യേക പ്രദേശങ്ങളില്‍ ഇത് ഏറെ ഗുണം ചെയ്തെന്നും രോഗവ്യാപനം കുറയ്ക്കാനായെന്നും അവര്‍ ചൂണ്ടിക്കാട്ടി.
തകര്‍ന്നുകിടക്കുന്ന സാമ്പത്തിക സ്ഥിതിയില്‍ സമ്പൂര്‍ണ അടച്ചിടല്‍ ദുരിതം കൂട്ടുമെന്നായിരുന്നു എതിര്‍വാദം. കടം വാങ്ങാന്‍പോലും ശേഷിയില്ലാതെ സാധാരണ ജനത കഷ്ടപ്പെടുകയാണ്. കോവിഡിനൊപ്പം സഞ്ചരിക്കുകയാണ് പോംവഴി. ക്ലസ്റ്റര്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കണമെന്ന് ചില മന്ത്രിമാര്‍ പറഞ്ഞു.