കൊല്ലം : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പുഴ നീന്തിക്കടക്കല്‍ സമരം നടത്തിയ കൊല്ലം ഡി സി സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉള്‍പ്പെടെ 40 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് കേസ്.
കൊല്ലം പെരുങ്ങാലത്തെ പുഴക്കു കുറുകെ പാലം നിര്‍മിക്കണമെന്ന ആവശ്യമുയര്‍ത്തി കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തിയ സമരത്തിന്റെ ഉദ്ഘാടനം ബിന്ദു കൃഷ്ണയാണ് നിര്‍വഹിച്ചത്. നിരവധി പേരാണ് കോവിഡ് മാനദണ്ഡങള്‍ ലംഘിച്ച് പുഴയില്‍ നീന്തുകയും കടവില്‍ കൂട്ടംകൂടി നില്‍ക്കുകയും ചെയ്തത്.
അതിനിടെ, കെ പി സി സി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് ദുഃഖാചരണം പ്രഖ്യാപിച്ച 22ന് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയെച്ചൊല്ലി കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സാമൂഹിക മാധ്യമങ്ങളില്‍ തെറിവിളിയുണ്ടായി. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ബിന്ദു കൃഷ്ണ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കര്‍ഷക കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ്പ്രസിഡന്റ് വി എന്‍ ഉദയകുമാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്തരിച്ച സുരേന്ദ്രനോട് അനാദരവ് കാട്ടിയ ബിന്ദു കൃഷ്ണയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഉദയകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. എന്നാല്‍ താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നാണ് ബിന്ദു കൃഷ്ണയുടെ പ്രതികരണം.