പത്തനംതിട്ട : ജില്ലയില്‍ കോവിഡ് രോഗത്തിന്റെ സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പ് വിപുലമായ പരിശോധന തുടങ്ങി. രോഗം സംശയിക്കുന്നയാളുടെ തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും സ്രവം ശേഖരിച്ച് തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി, ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ അയച്ചാണ് നിലവില്‍ രോഗം സ്ഥിരീകരിക്കുന്നത്. പ്രതിദിനം 250 പേരുടെ സ്രവപരിശോധന ഈ രീതിയില്‍ നടത്തിവരുന്നു. കൂടാതെ രോഗബാധ സംശയനിവാരണത്തിനായി കോഴഞ്ചേരി റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ ട്രൂനാറ്റ് സ്രവപരിശോധനാ സൗകര്യവും ഉണ്ട്. ഇത്തരം പ്രാഥമിക പരിശോധനാഫലം പോസിറ്റീവായി കണ്ടെത്തുന്നവരുടെ സ്രവം ആര്‍റ്റി-പിസിആര്‍ ടെസ്റ്റിന് വിധേയമാക്കിയാല്‍ മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ സാധിക്കൂ.
ഈ പരിശോധനകള്‍ക്ക് പുറമേയാണ് സമൂഹവ്യാപനം കണ്ടുപിടിക്കുന്നതിനായി റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് തുടക്കമായത്. ജില്ലയിലുള്ളവരെ വിവിധ വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തില്‍ നിന്നും നിശ്ചിത എണ്ണം ആളുകളുടെ അഞ്ച് മില്ലീലിറ്റര്‍ രക്തം ശേഖരിച്ച് കോഴഞ്ചേരി റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ എത്തിച്ചാണ് രോഗവ്യാപന പരിശോധന നടത്തുന്നത്. നിലവില്‍ വീടുകളിലോ സ്ഥാപനങ്ങളിലോ സമ്പര്‍ക്കവിലക്കില്‍ കഴിയുന്നവരില്‍ നിന്നും രക്തസാമ്പിള്‍ ആരോഗ്യപ്രവര്‍ത്തകര്‍ എത്തി ശേഖരിക്കും.
കോവിഡ് രോഗീപരിചരണത്തില്‍ നേരിട്ട് ഇടപെട്ട ആരോഗ്യ പ്രവര്‍ത്തകര്‍, നോണ്‍ കോവിഡ് ആശുപത്രി ജീവനക്കാര്‍, പോലീസ്, സമൂഹ അടുക്കളയില്‍ പ്രവര്‍ത്തിച്ചവര്‍, ആരോഗ്യ ഫീല്‍ഡ് പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, റേഷന്‍ കടകള്‍, മറ്റ് ആഹാര വിതരണ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍, സംസ്ഥാനാന്തര യാത്ര നടത്തുന്ന ട്രക്ക് ഡ്രൈവര്‍മാരുമായി ഇടപഴകിയ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍, അന്യസംസ്ഥാന തൊഴിലാളികള്‍, 60ന് മുകളില്‍ പ്രായമുള്ളവര്‍, പനി ഉള്‍പ്പെടെ രോഗവുമായി ആശുപത്രിയിലെത്തുന്നവര്‍, സമ്പര്‍ക്കവിലക്ക് കഴിഞ്ഞവര്‍ തുടങ്ങിയ വിഭാഗങ്ങളായി തിരിച്ചാണ് പരിശോധനയ്ക്ക് വിധേയരാകേണ്ടവരെ കണ്ടെത്തുന്നത്.
അറിയിപ്പ് ലഭിക്കുന്നവര്‍ നിര്‍ദിഷ്ട സമയത്ത് അതത് ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തി പരിശോധനയ്ക്ക് രക്തം ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ അറിയിച്ചു. ആദ്യഘട്ടമായി 500 പേരുടെ രക്തപരിശോധനയാണ് ജില്ലയില്‍ ലക്ഷ്യമിട്ടിട്ടുള്ളത്.