തിരുവനന്തപുരം : ആശങ്കയുയര്‍ത്തി സംസ്ഥാനത്ത് 416 പേര്‍ക്കുകൂടി കോവിഡ്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്. കുതിച്ചുയര്‍ന്ന് സമ്പര്‍ക്കവ്യാപനം. 204 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കം വഴി കോവിഡ് ബാധിച്ചത്. പുറത്തുനിന്ന് വന്നവരേക്കാള്‍ സമ്പര്‍ക്കം വഴിയുള്ള രോഗബാധ കൂടുതലെന്നത് ആശങ്ക ശക്തമാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തിരുവനന്തപുരം 129 , ആലപ്പുഴ 50 , മലപ്പുറം 41 , പത്തനംതിട്ട 32 , പാലക്കാട് 28 , കൊല്ലം 28 , കണ്ണൂര്‍ 23 , എറണാകുളം 20 , തൃശൂര്‍ 17 , കാസറഗോഡ് 17 , ഇടുക്കി 12 , കോഴിക്കോട് 12 , കോട്ടയം 7 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചു. രോഗം ബാധിച്ചവരില്‍ 123 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ 51 പേര്‍. സമ്പര്‍ക്കം വഴി 204 പേര്‍ക്കും രോഗം ബാധിച്ചു. ഐ.ടി.ബി.പി 35, സി.ആര്‍.പി.എഫ് 1, ബി.എസ്.എഫ് 2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം രോഗബാധിതരായി ചികിത്സയിലായിരുന്ന 112 പേര്‍ രോഗമുക്തരായി. ആലപ്പുഴ 24 , തൃശൂര്‍ 19 , മലപ്പുറം 18 , കണ്ണൂര്‍ 14 , കോട്ടയം 9 , പാലക്കാട് 8 , തിരുവനന്തപുരം 5 , എറണാകുളം 4 , ഇടുക്കി 4 , വയനാട് 4 , കാസര്‍ഗോഡ് 3 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 184,112 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3517 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 472 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതര്‍ പേര്‍ക്ക് രോഗം ബാധിക്കുന്നതിനാല്‍ ചികിത്സ വര്‍ധിപ്പിക്കും. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട് ചികിത്സ വര്‍ധിപ്പിക്കുന്നതിന് എ,ബി,സി പ്ലാനുകള്‍ തയ്യാറാക്കി. ആദ്യ ഘട്ടത്തില്‍ പിടിച്ചുനിന്ന ബെംഗളൂരുവിലും ചെന്നൈയിലും സ്ഥിതി രൂക്ഷമാണ്. ഇവിടങ്ങളില്‍ ഏതെങ്കിലും ഒരു സ്ഥലം കേന്ദ്രീകരിച്ച് ക്ലസ്റ്ററുകള്‍ ആകുകയും പിന്നീട് സമൂഹ വ്യാപനത്തിലേക്ക് കടക്കുകയുമായിരുന്നു.
സമാനരീതിയിലാണ് ഇവിടെ കാണപ്പെട്ട സൂപ്പര്‍ സ്‌പ്രെഡ്. ഇന്ത്യയില്‍ രോഗം അതിന്റെ ഏറ്റവും ആസുരഭാവത്തോടെ അഴിഞ്ഞാടുമ്പോള്‍ പ്രതിരോധം തീര്‍ക്കണം. പകരം അത്തരം നടപടികളെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കരുത്. വികസിത രാജ്യങ്ങള്‍ പോലും പകച്ചു പോയപ്പോള്‍ ക്യൂബ, വിയ്റ്റനാം, തായ് ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളാണ് രോഗം ഏറ്റവും നല്ല രീതിയില്‍ പ്രതിരോധിച്ചത്. ചൈനയും ആദ്യഘട്ടത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു.
പ്രതിരോധം പരിശോധിച്ചാല്‍ കേരളവും ഇതുവരെ ശരിയായ മാര്‍ഗത്തിലാണ് സഞ്ചരിച്ചത്. അവിടങ്ങളില്‍ ജനം കാണിച്ച കരുതലുണ്ട്. അച്ചടക്കമുണ്ട്. അതാണ് നമ്മളും പിന്തുടരുന്നത്. അതില്‍ പാളിച്ച വന്നാല്‍ എല്ലാം നിഷ്ഫലമാകും. ഓരോരുത്തരും ചുറ്റുമുള്ളവരുടെയും സ്വയവും സുരക്ഷയ്ക്ക് പ്രഥമപരിഗണന നല്‍കണം. ഈ രോഗം നമുക്കും എപ്പോള്‍ വേണമെങ്കിലും നിയന്ത്രണാതീതമായി പടര്‍ന്നേക്കാം. ജനങ്ങള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കണം.
ഈ അപകടകരമായ സാഹചര്യത്തിലാണ് ചില തെറ്റായ പ്രവണതകള്‍ ഉണ്ടാകുന്നത്. സമൂഹത്തെ അത്യാപത്തിലേക്ക് തള്ളിവിടാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നു. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ നടപ്പാക്കിയത് രോഗവ്യാപനം പരിധി വിട്ടപ്പോഴാണ്. കൊവിഡ് തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തത് മാര്‍ച്ച് 11-നാണ് ജൂലൈ 9 ആയപ്പോള്‍ 481 കേസുകളായി. ഇതില്‍ 215 പേര്‍ പുറത്ത് നിന്ന് വന്നു. 266 പേര്‍ക്ക് രോഗം വന്നത് സമ്പര്‍ക്കത്തിലൂടെയാണ്. ഇന്ന് മാത്രം തിരുവനന്തപുരത്ത് ആകെ പോസിറ്റീവായ 129 പേരില്‍ 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഈ കേസുകള്‍ വച്ച് പഠനം നടത്തിയപ്പോള്‍ ജില്ലയില്‍ 5 ക്ലസ്റ്ററുകള്‍ കണ്ടെത്തി. ഈ ക്ലസ്റ്ററുകളെല്ലാം തിരുവനന്തപുരം കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ചാണ്.
ഒരു പ്രദേശത്ത് 50-ല്‍ കൂടുതല്‍ കേസുകള്‍ വരുമ്പോഴാണ് വലിയ സമൂഹ ക്ലസ്റ്ററുകള്‍ ഉണ്ടായതായി കണക്കാക്കുക. ഇങ്ങനെ ക്ലസ്റ്ററുകള്‍ ഉണ്ടായത് ഇതുവരെ പൊന്നാനിയിലും തിരുവനന്തപുരത്തുമാണ്. രണ്ടിടത്തും നിയന്ത്രണങ്ങളും ടെസ്റ്റിംഗും കൂട്ടുകയാണ്. ഇതനുസരിച്ചാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത്. ഇവിടെ പെരിമീറ്റര്‍ കണ്‍ട്രോളുണ്ടാകും. ഈ പ്രദേശത്തേക്ക് കടക്കാന്‍ ഒരു വഴി മാത്രമേ ഉണ്ടാകൂ. പുറത്തേക്ക് പോകുന്നതിനും നിയന്ത്രണം ഉണ്ടാകും. കണ്ടെയ്ന്‍മെന്റ് സോണില്‍ ക്ലസ്റ്ററുകളുണ്ടോ എന്ന് പരിശോധിക്കും. വീടുകള്‍ സന്ദര്‍ശിച്ച് ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക് ആന്റിജെന്‍ ടെസ്റ്റ് നടത്തും. പോസിറ്റീവായാല്‍ കോണ്ടാക്ട് ട്രേസിംഗ് പാലിക്കും. ഈ പ്രദേശങ്ങളില്‍ ശാരീരികാകലം നിര്‍ബന്ധമാണ്. ആള് കൂടുന്നത് ഒരു കാരണവശാലും അനുവദിക്കില്ല.
ഈ കാര്യങ്ങളില്‍ ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. ക്ലസ്റ്റര്‍ മാനേജ്‌മെന്റ് ഫലപ്രദമായി നടപ്പാക്കേണ്ടത് സമൂഹവ്യാപനം തടയാന്‍ ആവശ്യമാണ്. തിരുവനന്തപുരത്ത് മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി, കുമരിച്ചന്ത എന്നിവിടങ്ങളിലാണ് പ്രധാന ക്ലസ്റ്ററുകള്‍. ഇവിടെ രോഗവ്യാപനത്തിന് കാരണമായ കേസ് കന്യാകുമാരിയില്‍ നിന്ന് മത്സ്യമെടുത്ത് കുമരിച്ചന്തയില്‍ മീന്‍ വില്‍പ്പന നടത്തിയ വ്യാപാരിയാണ്. ഇദ്ദേഹത്തിന്റെ സൂഹൃത്തുക്കളടക്കം അടുത്തിടപഴകിയ 13 പേര്‍ക്കാണ് ആദ്യം രോഗം വന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ സഹകരണമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ അധികൃതര്‍ യോഗം ചേര്‍ന്ന് ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ബോധവല്‍ക്കരണത്തിന് പുറമേ പള്ളി വികാരിയുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാരും നോട്ടീസ് വിതരണം നടത്തി. ഹെല്‍പ് ഡസ്‌കുകള്‍ തുടങ്ങി.
രോഗവ്യാപനം തടയുന്നതിന് പ്രധാനപ്പെട്ട വഴി രോഗികളെ ടെസ്റ്റ് ചെയ്ത് കണ്ടെത്തലാണ്. ഡബ്ല്യുഎച്ച്ഒ പഠനത്തില്‍ ആന്റിജന്‍ ടെസ്റ്റ് മികച്ചതെന്ന് തന്നെയാണ് പറയുന്നത്. പ്രശ്‌നബാധിതമായ വാര്‍ഡുകളില്‍ മാത്രം 1192 ആന്റിജന്‍ ടെസ്റ്റ് നടത്തി. ഇതില്‍ 243 പോസിറ്റീവ് കേസുണ്ടായി.
പാലിയേറ്റീവ് രോഗികളെ ഈ രോഗവ്യാപനത്തില്‍ നിന്ന് രക്ഷിക്കാന്‍ പരിരക്ഷ എന്ന പേരില്‍ റിവേഴ്‌സ് ക്വാറന്റീന്‍ ആക്ഷന്‍ പദ്ധതി നടപ്പാക്കുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആകെയുള്ള 31985 ജനങ്ങളില്‍ 184 പാലിയേറ്റീവ് രോഗികളുണ്ട്. ഇവരെ നിരീക്ഷിക്കാന്‍ പാലിയേറ്റീവ് സ്റ്റാഫുമുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.