തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് നാനൂറിലധികം കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സമ്പര്‍ക്കരോഗികളുടെ എണ്ണവും കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊല്ലം ജില്ലയിലെ 74 വയസ്സുള്ള ത്യാഗരാജന്‍, കണ്ണൂര്‍ ജില്ലയിലെ 64 വയസ്സുള്ള അയിഷ എന്നിവരാണ് മരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ – ആലപ്പുഴ 119, തിരുവനന്തപുരം 63, മലപ്പുറം 47, പത്തനംതിട്ട 47, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15, വയനാട് 14, കോട്ടയം 10, തൃശ്ശൂര്‍ കാസര്‍കോട് 9, ഇടുക്കി 4 എന്നിങ്ങനെയാണ്.
വിദേശത്ത് നിന്ന് എത്തിയ 140 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 64 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്കാണ് രോഗം വന്നത്. ഇതില്‍ 18 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗമുക്തി നേടിയത് 162 പേരാണ്. ആരോഗ്യപ്രവര്‍ത്തകര്‍ 5, ബിഎസ്‌ഇ 10, ബിഎസ്‌എഫ് 1, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സ് 77, ഫയര്‍ഫോഴ്സ് 4, കെഎസ്‌ഇ 3.
ഇന്ന് രോഗത്തില്‍ നിന്നും മുക്തി നേടിയത് പാലക്കാട് 25, ആലപ്പുഴ 7, കാസര്‍കോട് 5, എറണാകുളം 12, മലപ്പുറം 28, തിരുവനന്തപുരം 3, പത്തനംതിട്ട 2, തൃശൂര്‍ 14, വയനാട് 16, കണ്ണൂര്‍ 20, കോട്ടയം 12, കൊല്ലം 10, കോഴിക്കോട് 8 എന്നിങ്ങനെയാണ്.
24 മണിക്കൂറിൽ 12230 സാമ്പിളുകൾ പരിശോധിച്ചു. 1, 80, 594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേർ ആശുപത്രികളിലുണ്ട്. ഇന്ന് 713 പേരെയാണ് ആശുപത്രിയിലാക്കിയത്. ഏറ്റവും കൂടുതൽ പേരെ ആശുപത്രിയിലാക്കിയത് ഇന്നാണ്. ഇതുവരെ 2,44,388 സാമ്പിളുകൾ അയച്ചു. ഇതിൽ 5407 സാമ്പിളുകളുടെ ഫലം വരാനുണ്ട്. കൂടാതെ സെന്‍റിനൽ സർവൈലൻസ് വഴി 78,002 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 74,676 സാമ്പിളുകൾ നെഗറ്റീവായി.
തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാൻ പ്രത്യേക ആക്ഷൻ പ്ലാനുണ്ടാകും. രണ്ട് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളടക്കം 51 ക്ലസ്റ്ററുകൾ സംസ്ഥാനത്തുണ്ട്. ഇവിടങ്ങളിൽ സമ്പർക്കവും രോഗബാധയും കണ്ടെത്താനുള്ള ശ്രമം നടക്കുന്നു. ഹോട്ട് സ്പോട്ടുകളുടെ എണ്ണം 223 ആയി.
വിവിധ മേഖലകളിലെ നേതാക്കളെ ഉൾപ്പെടുത്തി ജനങ്ങളുടെ സഹകരണം തേടി മികച്ച ക്വാറന്‍റൈൻ നടപ്പാക്കാനാണ് ശ്രമം. ജനകീയപ്രതിരോധം രോഗം ചെറുക്കാൻ വേണം. കൂടുതൽ വോളണ്ടിയർമാരെ ആവശ്യമുണ്ട്. രോഗികളുടെ വർദ്ധന ഇനിയും കൂടിയാൽ വല്ലാതെ പ്രയാസപ്പെടും. ഫസ്റ്റ്‍ലൈൻ ട്രീറ്റ്‍മെന്‍റ് സെന്‍ററുകൾ പെട്ടെന്ന് തന്നെ തയ്യാറാക്കി റിക്രൂട്ട്മെന്‍റ് പെട്ടെന്ന് നടത്തും. ചികിത്സയുടെ കാര്യത്തിൽ ആരോഗ്യവകുപ്പിന് എല്ലാ വകുപ്പുകളുടെയും പിന്തുണ ഉറപ്പാക്കും. രോഗമുക്തരായവരിൽ സന്നദ്ധതയുള്ളവരെ ആരോഗ്യസന്ദേശ പ്രചാരകരാക്കും.