തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 608 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരത്തു മാത്രം 201 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് ഒരാള്‍ മരിച്ചു. ആലപ്പുഴയിലെ ചുനക്കര സ്വദേശി നസീര്‍ ഉസ്മാന്‍ കുട്ടി(47)യാണ് മരിച്ചത്. ഇയാള്‍ സൗദി അറേബ്യയില്‍ നിന്ന് വന്നതാണ്. 183 പേരാണ് ഇന്നു രോഗമുക്തി നേടിയത്. സംസ്ഥാനത്ത് അനുദിനം കോവിഡ് വ്യാപനം രൂക്ഷതയിലേക്ക് മാറുകയാണെന്നു മുഖ്യമന്ത്രി.
ഇന്നു രോഗം സ്ഥിരീകരിച്ചവര്‍ – തിരുവനന്തപുരം 201, കൊല്ലം 23 , ആലപ്പുഴ 34, പത്തനംതിട്ട 3, കോട്ടയം 25, എറണാകുളം 70, തൃശൂര്‍ 42, പാലക്കാട് 26, മലപ്പുറം 58, കോഴിക്കോട് 58, കണ്ണൂര്‍ 12, വയനാട് 12, കാസര്‍കോട് 44,
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ 8, ബിഎസ്എഫ് 1, ഐടിബിപി 2 സിഎസ്എഫ് 2 എന്നിങ്ങനെയും രോഗം ബാധിച്ചു. 26 പേരുടെ ഉറവിടം അറിയില്ല.
രോഗ മുക്തി നേടിയവര്‍ – തിരുവനന്തപുരം 15, കൊല്ലം 2, ആലപ്പുഴ 17, കോട്ടയം 5, എറണാകുളം, തൃശൂര്‍ 9, പാലക്കാട് 49, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂര്‍ 49, കാസര്‍കോട് 5 എന്നിങ്ങനെയാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ 14,227 സാമ്പിളുകള്‍ പരിശോധിച്ചു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്‍ ആശുപത്രികളിലാണ്. ഇത് വരെ രോഗം സ്ഥിരീകരിച്ചത് 8930 പേര്‍ക്കാണ്. ഇന്ന് മാത്രം 720 പേരെ ആശുപത്രികളിലാക്കി.
രോഗവ്യാപനം കൂടുന്നതിനാൽ ജില്ലകളിലെ പ്രവർത്തനത്തിൽ സഹായിക്കാൻ 14 ഐഎഎസ് ഉദ്യോഗസ്ഥരെ നൽകി. തിരുവനന്തപുരം കെ ഇമ്പശേഖർ, എസ് ചിത്ര കൊല്ലം, എസ് ചന്ദ്രശേഖർ പത്തനംതിട്ട, തേജ് രോഹിത് റെഡ്ഡി ആലപ്പുഴ, രേണു രാജ് കോട്ടയം, ഇ ആർ പ്രേമകുമാർ ഇടുക്കി, ജെറോമിക് ജോർജ് എറണാകുളം, ജീവൻ ബാബു തൃശ്ശൂർ, എസ് കാർത്തികേയൻ പാലക്കാട്, എൻഎസ്കെ ഉമേഷ് മലപ്പുറം, വീണ മാധവൻ വയനാട്, വി വിഘ്നേശ്വരി കോഴിക്കോട്, പിആർകെ തേജ കണ്ണൂർ, അമിത് മീണ കാസർകോട്.
തിരുവനന്തപുരത്ത് കളക്ടറെ സഹായിക്കാൻ ഇതേപോലെ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. റിവേഴ്സ് ക്വാറന്‍റീനും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകളും നിർമിക്കാൻ ഇവർ കളക്ടർമാരെ സഹായിക്കും. തിരുവനന്തപുരത്ത് ഇന്ന് രോഗം ബാധിച്ച 201 പേരിൽ 158 പേർക്കും സമ്പർക്കം വഴിയാണ് രോഗം വന്നത്.
ഇവരിൽ പൂന്തുറ, കൊട്ടക്കൽ, വെങ്ങാനൂർ, പുല്ലുവിള ക്ലസ്റ്ററുകളിൽ ഉള്ളവരാണ്. നാല് ആരോഗ്യപ്രവർത്തകർക്കും രോഗമുണ്ടായി. ഉറവിടം അറിയാത്ത 19 പേരുമുണ്ട്. ചില പ്രത്യേക പ്രദേശങ്ങളിൽ പ്രത്യേക നിയന്ത്രണമേർപ്പെടുത്തി. ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളെയും കണ്ടെയ്ൻമെന്‍റ് സോണുകളിൽ നിന്ന് ഒഴിവാക്കി. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്‍റ് സോണുകളിൽ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കി. സൗജന്യറേഷൻ വിതരണം പൂർത്തിയായി. എറണാകുളത്ത് സമ്പർക്കരോഗവ്യാപനം കൂടിയ ചെല്ലാനം, ആലുവ, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലും പ്രതിരോധപ്രവർത്തനം ശക്തമാക്കി. ടെസ്റ്റുകൾ കൂട്ടാൻ റാപ്പിഡ് ആക്ഷൻ ടീമിനെ നിയോഗിച്ചു. റേഷൻ എത്തിക്കാൻ സൗകര്യമൊരുക്കി. ചെല്ലാനത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.