ബാല്‍ട്ടിമോര്‍ : ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 72 ദശലക്ഷം കടന്നതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ സിസ്റ്റംസ് സയന്‍സ് ആന്റ് എഞ്ചിനിയറിങ് വിഭാഗം തയ്യാറാക്കിയ ഡാഷ് ബോര്‍ഡില്‍ രോഗബാധിതരുടെ എണ്ണം 7,21,85,121 ആയതായി രേഖപ്പെടുത്തിയിരിക്കുന്നു.
ഇതുവരെ 4,71,94,666 പേരാണ് രോഗമുക്തരായിട്ടുള്ളത്. അതില്‍ 9.3 ദശലക്ഷവും ഇന്ത്യയില്‍ നിന്നാണ്. ലോകത്തെ രോഗമുക്തി നിരക്കില്‍ ഇന്ത്യയാണ് ഏറ്റവും മുന്നില്‍. അമേരിക്കയാണ് ലോകത്ത് കൊവിഡ് ബാധ ഏറ്റവും തീവ്രമായി ബാധിച്ച രാജ്യം. 16 ദശലക്ഷം പേരാണ് അമേരിക്കയില്‍ രോഗബാധിതര്‍. അതില്‍ 3,00,000 പേര്‍ മരിക്കുകയും ചെയ്തു. 2,99,101 പേര്‍ സജീവ രോഗികളാണ്. രോഗമുക്തരുടെ എണ്ണം 62,98,082.
ഇന്ത്യയും ബ്രസീലുമാണ് രോഗവ്യാപനത്തില്‍ തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഇന്ത്യയില്‍ 9.8 ദശലക്ഷം രോഗികളും ബ്രസീലില്‍ 6.9 ദശലക്ഷം രോഗികളുമാണ് ഉള്ളത്. അതേസമയം ബ്രസീലാണ് കൊവിഡ് മരണങ്ങളില്‍ രണ്ടാം സ്ഥാനത്ത്. 1,81,402 പേരാണ് ബ്രസീലില്‍ കൊവിഡ് മൂലം മരണപ്പെട്ടത്. റഷ്യയില്‍ 26,29,699 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 46,404 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 24,30,612 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 58,015 പേര്‍ മരിച്ചു.