ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ഇന്നലെ പത്തു ലക്ഷം പിന്നിട്ടു. 10,04,383 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച ഇന്ത്യയില്‍ 25,605 കോവിഡ് മരണമുണ്ടായി. രാജ്യത്ത് 24 മണിക്കൂറിനിടെ 32,695 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒറ്റദിവസം 30,000 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. 606 പേര് മരണത്തിനു കീഴടങ്ങി. ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്തതില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
24,000 പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ചു മരിച്ചത്. 3,31,146 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 6,12,815 പേര് രോഗമുക്തി നേടി. 63.25 ശതമാനമാണിത്. 24 മണിക്കൂറിനിടെ 3,26,826 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 1,27,39,490 സാമ്പിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര് അറിയിച്ചു. മഹാരാഷ്ട്ര (2,84,281), തമിഴ്നാട് (1,59,369), ഡല്‍ഹി (1,18,645) സംസ്ഥാനങ്ങളിലാണ് ഇന്ത്യയിലെ രോഗികളില്‍ പകുതിയിലേറെയും. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 8641 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളില്‍ 63.25 ശതമാനം രോഗമുക്തി നേടിയെന്നതു ആശ്വാസം പകരുന്നു.
ജനുവരി 30നു കേരളത്തിലാണ് ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ മരണം മാര്‍ച്ച് 12നു കര്‍ണാടകയിലായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.