ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ റിപബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് കേന്ദ്ര സര്‍കാര്‍ നിയന്ത്രണം ഏര്‍പെടുത്തി കഴിഞ്ഞ വര്‍ഷം കോവിഡ് സാഹചര്യത്തില്‍ നടന്ന പരേഡില്‍ ഏകദേശം 1.25 ലക്ഷം ആളുകളെ അനുവദിച്ചിരുന്നെങ്കിലും ഇത്തവണ ആഘോഷ പരിപാടികള്‍ക്കായി 19,000 പേരെ മാത്രമാണ് ക്ഷണിച്ചിട്ടുള്ളത്. ഇത്തവണയും റിപബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ വിദേശ പ്രമുഖരാരുമില്ല. തുടര്‍ചയായ രണ്ടാം വര്‍ഷമാണ് വിദേശ പ്രമുഖരില്ലാതെ റിപബ്ലിക് ദിനം ആഘോഷിക്കാന്‍ പോകുന്നത്. പ്രതികൂലമായ കാലാവസ്ഥയെ കണക്കിലെടുത്ത് ഈ വര്‍ഷത്തെ റിപബ്ലിക് ദിന പരേഡ് പതിവിലും അര മണിക്കൂര്‍ വൈകിയായിരിക്കും തുടങ്ങുകയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സാധാരണ റിപബ്ലിക് ദിനത്തില്‍ 10 മണിക്ക് തുടങ്ങാറുള്ള പരേഡ് 10.30 ന് ആയിരിക്കും ആരംഭിക്കുക. മുന്‍ റിപ്പബ്ലിക് ദിന പരേഡുകളില്‍ നിന്നുള്ള ദൃശ്യങ്ങളും സായുധ സേനയെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങളും പരേഡിന് മുന്നോടിയായി പ്രദര്‍ശിപ്പിച്ചേക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അതേസമയം ജനുവരി 26 ന് ദേശീയ കേഡറ്റ് കോര്‍പ്‌സിന്റെ (എന്‍സിസി) രാജ്യവ്യാപകമായ ഫ്ലാഗ്ഷിപ് പ്രോഗ്രാം നടക്കും.