കോട്ടയം : കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ജനുവരി 23, 30 ജില്ലയില്‍ അവശ്യ സര്‍വിസുകള്‍ മാത്രമേ അനുവദിക്കൂകയുള്ളൂവെന്ന് കളക്ടര്‍ ഡോ.പി.കെ ജയശ്രീ അറിയിച്ചു. ജില്ലയിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍, മതപരമായ ചടങ്ങുകള്‍ എന്നിവക്ക് പരമാവധി 50 പേര്‍ക്കുമാത്രം പങ്കെടുക്കാം. ഹോട്ടലുകളില്‍ 50 ശതമാനം ഇരിപ്പിടങ്ങളേ അനുവദിക്കൂ. വ്യാപാര സ്ഥാപനങ്ങള്‍, മാളുകള്‍, പാര്‍ക്കുകള്‍ ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. ഒമ്പതാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തണം. എന്നാല്‍, തെറപ്പി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് ഇതു ബാധകമല്ല.
ജനുവരി 23, 30 തീയതികളില്‍ അനുവദനീയമായ ഇളവുകള്‍. അടിയന്തര – അവശ്യസേവനങ്ങള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിട്ടുള്ള സര്‍ക്കാര്‍ ഓഫിസുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പറേഷന്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ ഓഫിസ് തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം. അടിയന്തര – അവശ്യ സേവനങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, കമ്പനികള്‍, സംഘടനകള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ ഓഫിസ് തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം. ടെലികോം, ഇന്‍റര്‍നെറ്റ് സേവനദാതാക്കളുടെ വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ജോലി നിര്‍വഹണത്തിന് യാത്രാനുമതി. അത്യാവശ്യ ജീവനക്കാര്‍ മാത്രമേ ഓഫിസില്‍ എത്തേണ്ടതുള്ളൂ. ചികിത്സാവശ്യത്തിന് പോകുന്ന രോഗികള്‍, വാക്‌സിനേഷന്‍ എടുക്കാന്‍ പോകുന്നവര്‍ എന്നിവര്‍ക്ക് ആശുപത്രി രേഖ, വാക്‌സിനേഷന്‍ രേഖ എന്നിവ ഉപയോഗിച്ച് യാത്ര അനുവദിക്കും. ദീര്‍ഘദൂര ബസ് സര്‍വിസ്, ട്രെയിന്‍, വിമാന യാത്രകള്‍ അനുവദിക്കും.
എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നതിന് പൊതുഗതാഗത വാഹനങ്ങള്‍, ടാക്‌സികള്‍, ഗുഡ്‌സ് കാര്യേജ് എന്നിവക്ക് അനുമതി. യാത്രയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതും യാത്രാ രേഖകള്‍/ടിക്കറ്റ് കൈയില്‍ കരുതേണ്ടതുമാണ്. ഭക്ഷ്യവസ്തുക്കള്‍, പഴം, പച്ചക്കറി, പാല്‍, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതു വരെ പ്രവര്‍ത്തിക്കാം. സ്ഥാപനങ്ങള്‍ ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണം. ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും ഹോം ഡെലിവറി, പാര്‍സല്‍ എന്നിവക്കായി രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതു വരെ പ്രവര്‍ത്തിക്കാം. ബാറുകള്‍ക്കും കള്ളുഷാപ്പുകള്‍ക്കും പാര്‍സല്‍ സര്‍വിസിനായി രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതു വരെ പ്രവര്‍ത്തിക്കാം. വിവാഹം, മരണാന്തര ചടങ്ങുകള്‍ എന്നിവക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 20 പേരായി നിജപ്പെടുത്തി.
പരിപാടികളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായി പാലിക്കണം. ഇ – കോമേഴ്‌സ്, കൊറിയര്‍ സേവനങ്ങള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതു വരെ അനുവദിക്കും. ടൂറിസം കേന്ദ്രങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് രേഖകള്‍ സഹിതം സ്വന്തം വാഹനം /ടാക്‌സിയില്‍ യാത്ര ചെയ്യാനും ഹോട്ടല്‍ /റിസോട്ടില്‍ താമസിക്കാനും അനുമതി. സി.എന്‍.ജി /എല്‍.എന്‍.ജി /എല്‍.പി.ജി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അനുവദനീയം. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ക്കും അഡ്മിറ്റ് കാര്‍ഡ്, ഐ.ഡി കാര്‍ഡ് /ഹാള്‍ ടിക്കറ്റ് ഉപയോഗിച്ച് യാത്ര അനുവദിക്കും. ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, മെഡിക്കല്‍ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, നഴ്‌സിങ് ഹോംസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് യാത്രചെയ്യാം. ടോള്‍ ബൂത്ത്, അച്ചടി – ദൃശ്യ – ഇലക്‌ട്രോണിക് മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ ഹൗസസ് എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കും. സാനിറ്റേഷന്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ജോലി സ്ഥലത്തേക്കും തിരിച്ചും യാത്ര അനുവദിക്കും. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വാഹന അറ്റകുറ്റപ്പണിക്കായി വര്‍ക്ഷോപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാം.