പത്തനംതിട്ട : കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കുമായി സ്‌പെഷ്യല്‍ തപാല്‍ വോട്ട് സംവിധാനം ജില്ലയില്‍ ആരംഭിച്ചു. സ്‌പെഷല്‍ ബാലറ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം രോഗികളുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും അടുത്ത് നേരിട്ടെത്തിയാണ് സ്‌പെഷല്‍ തപാല്‍ കൈമാറുന്നത്. ആരോഗ്യ വകുപ്പില്‍ നിന്നും ലഭിക്കുന്ന പട്ടിക പ്രകാരമാണ് ഉദ്യോഗസ്ഥര്‍ കോവിഡ് പോസിറ്റീവ് ആയവരുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും വീടുകളില്‍ എത്തുന്നത്. പി.പി.ഇ.കിറ്റ് ധരിച്ചാണ് ഉദ്യോഗസ്ഥരെത്തുന്നത്.
സ്‌പെഷല്‍ വോട്ടറിനു വോട്ടുചെയ്യുന്നതിന് സമ്മതമാണെങ്കില്‍ ഓഫീസര്‍ തിരിച്ചറിയല്‍ രേഖ പരിശോധിച്ച ശേഷം സ്‌പെഷല്‍ വോട്ടര്‍ 19-ബി എന്ന അപേക്ഷാ ഫോറത്തില്‍ ഒപ്പിടണം. പഞ്ചായത്തിന്റെ പേര്, വാര്‍ഡ് പേര്, നമ്പര്‍, സ്വന്തം പോളിങ് സ്റ്റേഷന്‍ പേര്, നമ്പര്‍, സ്വന്തം പേരും വിലാസവും, വോട്ടര്‍പട്ടികയിലെ ക്രമനമ്പര്‍ പൊതുതെരഞ്ഞെടുപ്പ് തീയതിയും എന്നിവ രേഖപ്പെടുത്തി ഒപ്പുവയ്ക്കണം. ശേഷം ഓഫീസര്‍ ബാലറ്റ് പേപ്പറുകള്‍ അടങ്ങിയ കവറുകളും സാക്ഷ്യപത്രത്തിനുള്ള ഫോറവും നല്‍കും. ഉദ്യോഗസ്ഥന്‍ നല്‍കുന്ന ബാലറ്റ് പേപ്പറില്‍ രഹസ്യമായിട്ടാകണം വോട്ട് ചെയ്യാന്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം കവറുകള്‍ തിരിച്ച് ഉദ്യോഗസ്ഥനു കൈമാറുകയും ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്നും കൈപ്പറ്റ് രസീത് വാങ്ങുകയും ചെയ്യാം. ബാലറ്റ് പേപ്പര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ വോട്ടര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ തപാല്‍ വഴി അയക്കാന്‍ സാധിക്കും. സാധാരണ വോട്ട് പോലെ സ്‌പെഷല്‍ വോട്ടറുടെ വിരലില്‍ മഷി പുരട്ടില്ല.
സ്‌പെഷല്‍ വോട്ടര്‍ക്ക് വോട്ട് ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ ഓഫീസര്‍ രജിസ്റ്ററിലും 19-ബി എന്ന ഫോറത്തിലും രേഖപ്പെടുത്തി വോട്ടറുടെ ഒപ്പു വാങ്ങി മടങ്ങും.
വോട്ടെടുപ്പിന് തലേ ദിവസം ഉച്ചകഴിഞ്ഞ് മൂന്നിനുശേഷം കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റീനില്‍ ആകുകയോ ചെയ്താല്‍ തെരഞ്ഞെടുപ്പു നടക്കുന്ന ദിവസം അവസാന ഒരു മണിക്കൂറായ അഞ്ചു മുതല്‍ ആറു വരെ പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താം. സാധാരണ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി മടങ്ങിയതിനുശേഷം പി.പി.ഇ കിറ്റ് ധരിച്ചാകണം സ്‌പെഷല്‍ വോട്ടര്‍ വോട്ട് ചെയ്യാന്‍ എത്തേണ്ടത്.