തിരുവനന്തപുരം : ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളായതോടെ കോവിഡ് വ്യാപനം മറന്ന് ജനങ്ങള്‍ നിരത്തുകളിലേക്കൊഴുകുന്നു. എങ്ങും ആള്‍ക്കൂട്ടം! ഏതാണ്ടെല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ടെങ്കിലും വലിയൊരു ശതമാനം പേര്‍ ധരിക്കുന്നതു തെറ്റായ രീതിയില്‍. വരുന്ന ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടിയേക്കാമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തല്‍. മുഴുവന്‍ ജീവനക്കാരും എത്തണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചതോടെ ആറു മാസത്തിനു ശേഷം സര്‍ക്കാര്‍ ഓഫീസുകള്‍ വീണ്ടും സജീവമായി. ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള അനുമതി കൂടിയായതോടെ എല്ലാം പഴയപടിയിലേക്കു നീങ്ങുകയാണ്. പല ഹോട്ടലുകളിലും ഇന്നലെ മുതല്‍ ഭക്ഷണം വിളമ്പാന്‍ തുടങ്ങി. മറ്റുള്ളവര്‍ അണുനശീകരണവും ശുചീകരണവുമായി നാളെ മുതല്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്.
കേരളത്തിലേക്കു വരുന്നവര്‍ക്കു നിര്‍ബന്ധിത ക്വാറെന്റെന്‍ ഏഴു ദിവസമായി ചുരുക്കിയതോടെ ഹോട്ടലുകളിലും മറ്റും ജോലി നോക്കിയിരുന്ന ഇതര സംസ്ഥാനത്തൊഴിലാളികളടക്കം തിരിച്ചെത്തിത്തുടങ്ങി. സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടെ കൂടുതല്‍ ജീവനക്കാര്‍ ഹാജരായി. ചൊവ്വാഴ്ച രാത്രി വൈകി ഉത്തരവിറങ്ങിയതിനാല്‍ മറ്റു ജില്ലക്കാര്‍ക്ക് ഇന്നലെ ഓഫീസുകളും മറ്റും എത്താന്‍ കഴിഞ്ഞില്ല. കോവിഡ് അതിവേഗ വ്യാപനം നടക്കുന്ന തിരുവനന്തപുരം അടക്കമുള്ളയിടങ്ങളിലെ ഇളവുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്. അതേമസമയം അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ പരിശോധയില്‍ പോസിറ്റീവ് ആകുന്നവര്‍ വന്‍തോതിലായി.
കോഴിക്കോട് ജില്ലയില്‍ സെപ്തംബര്‍ രണ്ടാം വാരത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.4 ആയിരുന്നുവെങ്കില്‍ കഴിഞ്ഞ ആഴ്ച ഇത് 9.1 ശതമാനം ആയി. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ രോഗികള്‍ ഇരട്ടിക്കുന്നതിന്റെ എണ്ണവും കൂടി. കേരളത്തില്‍ കോവിഡ് ബാധ സ്ഥിരീകരിച്ച് അഞ്ച്മാസം കഴിഞ്ഞാണ് ആകെ രോഗബാധിതരുടെ എണ്ണം അയ്യായിരം കടക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രതിദിനം രോഗികളുടെ എണ്ണം അയ്യായിരം കടക്കുന്ന സ്ഥിതിയാണ്. ഇത് ഇനിയും കൂടുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ലക്ഷണമുള്ള എല്ലാവരേയും കണ്ടെത്തി നിരീക്ഷണത്തില്‍ ആക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.