പത്തനംതിട്ട : കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ സ്രവ പരിശോധനയക്ക് സ്വന്തം വാഹനങ്ങളില്‍ തന്നെ എത്താന്‍ ശ്രമിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍. ആംബുലന്‍സുകള്‍ ലഭ്യമല്ലാത്തതാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കാരണമായത്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ദിനംപ്രതി ക്രമാതീതമായി കൂടുന്നു.
സ്രവ പരിശോധനയ്ക്ക് ഉണ്ടാകുന്ന താമസം മൂലം ആംബുലന്‍സുകള്‍ ഓരോരുത്തര്‍ക്കായി ഏറെ നേരം കാത്തുകിടക്കേണ്ടി വരുന്നു എന്നതാണ് പ്രധാന കാരണം. ഡ്രൈവറും യാത്രക്കാരും തമ്മില്‍ സമ്പര്‍ക്കം പുലര്‍ത്താത്ത രീതിയില്‍ ക്യാബിന്‍ വേര്‍തിരിച്ചിട്ടുള്ള സ്വകാര്യ ഓട്ടോകളും ടാക്‌സികളും സ്രവ പരിശോധനയ്ക്ക് വന്നു പോകുന്നതിന് ഉപയോഗിക്കാം.
ഇതു സംബന്ധിച്ച് ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ജില്ലാ ഭരണകൂടം പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കും. കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലുമെത്തി സ്രവം പരിശോധിക്കുന്നതിന് നിലവില്‍ ജില്ലയില്‍ ഒരു മൊബൈല്‍ വാന്‍ യൂണിറ്റ് മാത്രമേ ഉള്ളൂ. കൂടുതല്‍ മൊബൈല്‍ വാന്‍ യൂണിറ്റുകള്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിഎംഒ ഡോ എ.എല്‍ ഷീജ പറഞ്ഞു.
മൊബൈല്‍ വാന്‍ യൂണിറ്റ് എത്തുന്ന മുറയ്ക്ക് അതത് സ്ഥലങ്ങളില്‍ എത്തി സ്രവം പരിശോധന നടത്താന്‍ കഴിയും. ജില്ലയിലെ എല്ലാ ഡോക്ടര്‍മാരും ലാബ് ടെക്‌നിഷ്യന്‍മാരും ഇതിനായി പരിശീലനം നേടിക്കഴിഞ്ഞു. പുറത്തുനിന്ന് നാട്ടിലെത്തുന്നവര്‍ വീടുകളില്‍ സൗകര്യമുണ്ടെങ്കില്‍ അവിടെ നിരീക്ഷണത്തില്‍ കഴിയണം. അല്ലാത്തവര്‍ക്ക് പെയ്ഡ് ക്വാറന്റീന്‍ ഉപയോഗിക്കാം. തീരെ സൗകര്യമില്ലാത്തവര്‍ക്ക് മാത്രം പഞ്ചായത്തുകളുടെ അധീനതയിലുള്ള കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദ്ദേശം.