തിരുവനന്തപുരം: പരിശോധനകളില്‍ കണ്ടെത്തുന്ന രോഗികളുടെ എണ്ണത്തില്‍ ദേശീയ ശരാശരിയെയും മറികടന്ന് കേരളം. രോഗവ്യാപന തോതില്‍ കേരളത്തിന്റെ നില അതീവ ഗുരുതരമെന്ന് കഴിഞ്ഞ മൂന്നാഴ്ചകളിലെ കണക്കുകള്‍ തെളിയിക്കുന്നു.
ദശലക്ഷം പേരിലെ കോവിഡ് ബാധയില്‍ കേരളം രാജ്യത്ത് ആറാം സ്ഥാനത്ത് എത്തി. ജൂണ്‍ 1 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തെ പോസിറ്റിവിറ്റി ശതമാനം 7.4 ആയിരുന്നു. കേരളത്തില്‍ ഇത് 1.6 ശതമാനവും. ജൂലൈ 25 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ ദേശീയ ശരാശരി 11ലേക്ക് ഉയര്‍ന്നപ്പോള്‍ കേരളത്തില്‍ 5.6ശതമാനമായി.
സെപ്റ്റംബര്‍ 19 വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ പോസിറ്റിവിറ്റി ശതമാനം 8.7. കേരളത്തില്‍ ദേശീയ ശരാശരി മറികടന്ന് 9.1 ശതമാനം. സെപ്റ്റംബര്‍ ആദ്യവാരത്തില്‍ തന്നെ ദേശീയ ശരാശരിയേക്കാള്‍ കേരളം മുന്നില്‍ എത്തി. നാലര മാസം കൊണ്ട് കൊണ്ട് അഞ്ചര ഇരട്ടിയോളമുള്ള വര്‍ധന.
നിലവില്‍ പോസിറ്റിവിറ്റി നിരക്കില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം. കഴിഞ്ഞ 3 ദിവസവും 11% ന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി. ദശലക്ഷം പേരിലെ രോഗബാധയിലും കേരളം ഇപ്പോള്‍ ഏറെ മുന്നിലാണ്.
ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 5വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലെ ഒരോ പത്തു ലക്ഷം പേരിലും 56 പുതിയ രോഗികളാണ് ഉണ്ടായിരുന്നത്. അന്ന് പതിനൊന്നാം സ്ഥാനത്തായിരുന്നു കേരളം. സെപ്റ്റംബര്‍ 5 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ ഓരോ പത്തു ലക്ഷത്തിലും 87 പുതിയ രോഗികള്‍ എന്ന നിലയിലായി. 12 മുതല്‍ 19 വരെയുള്ള ആഴ്ചയില്‍ ഇത് 111ലേക്ക് ഉയര്‍ന്നു. നിലവില്‍ കേരളം ആറാമത്.