തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ മരിക്കുകയും മൂന്നുപേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോഡ് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം 1, ഇടുക്കി 1, ആലപ്പുഴ 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്.
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ഒരാള്‍ മരിച്ചു. തെലുങ്കാന സ്വദേശി അഞ്ജയ് ആണ് മരിച്ചത്. അഞ്ജയും കുടുംബവും കഴിഞ്ഞ 22ന് രാജസ്ഥാനില്‍ നിന്നുള്ള ട്രെയിനില്‍ തെറ്റിക്കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടെ പരിശോധന ഫലമാണ് വ്യാഴാഴ്ച നെഗറ്റീവായത്.
ഇന്ന് പുതുതായി ആറ് പ്രദേശങ്ങളെകൂടി ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. കാസര്‍കോട് 3, പാലക്കാട് രണ്ട് പഞ്ചായത്തുകള്‍, കോട്ടയത്തെ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 82 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത് പാലക്കാട് ജില്ലയിലാണ് -105 പേര്‍. കണ്ണൂരില്‍ 93 പേരും കാസര്‍കോട് 63 പേരും മലപ്പുറത്ത് 52 പേരും ചികിത്സയിലുണ്ട്.
ഇന്ന് രോഗം പിടിപെട്ടവരില്‍ 5 പേര്‍ ഒഴികെ മറ്റുള്ളവര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവരാണ്. 31 പേര്‍ വിദേശത്ത് നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1088 ആയി വര്‍ധിച്ചു. 526 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. 115297 പേര്‍ നിരീക്ഷണത്തിലുണ്ട്. 114305 പേര്‍ വീടുകളിലും 992 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 210 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 60685 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതില്‍ 58460 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇതുവരെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 9937 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 9217 എണ്ണം നെഗറ്റീവായി.