ന്യൂഡല്‍ഹി : കോവിഡ് വാക്സിനേഷന് സംസ്ഥാനങ്ങള്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ രണ്ടാം ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വാക്‌സിനില്‍ നിന്ന് എഴുപത് ശതമാനവും രണ്ടാം ഡോസുകാര്‍ക്കായി മാറ്റിവെയ്ക്കണം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം പുറത്തിറക്കിയത്.
രണ്ടാം ഡോസ് സ്വീകരിക്കേണ്ടവര്‍ക്ക് കൃത്യസമയത്ത് വാക്‌സിന്‍ നല്‍കേണ്ടത് അനിവാര്യമാണ്. അതിനായി കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നതില്‍ നിന്നും 70 ശതമാനം ഡോസ് മാറ്റിവെയ്ക്കണം. എഴുപത് ശതമാനം എന്നത് നൂറ് ശതമാനം വരെയാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ വാക്‌സിന്‍ പാഴാക്കുന്നത് പരമാവധി കുറയ്ക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ വാക്‌സിന്‍ പാഴാക്കുന്നവര്‍ ലഭിക്കുന്ന ഡോസില്‍ അത് കണ്ടെത്തേണ്ടി വരും. ഓരോ സംസ്ഥാനത്തിനും അടുത്ത രണ്ടാഴ്ചത്തേയ്ക്കുള്ള വാക്‌സിന്‍ വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കും. മെയ് 15 മുതല്‍ 31 വരെയുള്ള വാക്‌സിന്‍ വിതരണ വിവരങ്ങള്‍ 14 ന് നല്‍കുമെന്നും കേന്ദ്രം അറിയിച്ചു.