ന്യൂഡല്‍ഹി : കേരളത്തിന് ആവശ്യത്തിനു വാക്സീന്‍ അനുവദിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കെ, സംസ്ഥാനം 10 ലക്ഷം ഡോസ് ഇനിയും ഉപയോഗിച്ചിട്ടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അവ വിനിയോഗിച്ച ശേഷം കൂടുതല്‍ നല്‍കാന്‍ കേന്ദ്രം തയാറാണെന്ന് എം.പി മാരായ ടി.എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍ എന്നിവരെ ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള എം.പിമാര്‍ നിവേദനം നല്‍കാന്‍ ചെന്നപ്പോഴാണ് മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തിന് ആവശ്യമായ വാക്സിന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ലെന്നും ഇതു വലിയ പ്രതിസന്ധിയാണെന്നും എം.പിമാര്‍ പരാതിപ്പെട്ടപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി. വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ വാക്സിന്റെ കണക്കുകളും കാണിച്ചുകൊടുത്തു. ഈ പത്തുലക്ഷം ഡോസ് ഉപയോഗിച്ചതിനുശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് വാക്സിന്‍ നല്‍കാന്‍ തയ്യാറാണെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും എം.പിമാര്‍ പറഞ്ഞു. ആരോഗ്യസംവിധാനങ്ങള്‍ ഏറെ മെച്ചപ്പെട്ടതായിട്ടും കേരളത്തില്‍ രോഗവ്യാപനത്തിന് ശമനമില്ലാത്തതെന്തെന്ന് മന്ത്രി ചോദിച്ചു.
കേരളത്തിലെ കോവിഡ് നിയന്ത്രണ രീതികളെ ആരോഗ്യ മന്ത്രി വിമര്‍ശിച്ചു. ശക്തമായ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുണ്ടായിട്ടും രോഗവ്യാപനം കുറയാത്തത് പ്രതിരോധ മാര്‍ഗങ്ങള്‍ ദുര്‍ബലമാണെന്നതിന്റെ തെളിവല്ലേ എന്നും മന്ത്രി ചോദിച്ചു. രാജ്യത്ത് ആദ്യം കോവിഡ് റിപ്പോര്‍ട്ടുചെയ്ത സംസ്ഥാനമാണ് കേരളമെന്നും ഇപ്പോഴും കേസുകള്‍ അധികമാണെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി. രോഗപ്രതിരോധത്തിന്റെ പേരില്‍ അടച്ചിടുന്ന നടപടി എക്കാലത്തേക്കും പ്രായോഗികമല്ല.
വാക്സിനേഷന്‍ കൃത്യമായി നടത്താനായാല്‍ സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെടുമെന്നും മതിയായ വാക്സിന്‍ നല്‍കി സംസ്ഥാനത്തെ സഹായിക്കണമെന്നും മറുപടി നല്‍കിയതായി എം.പിമാര്‍ പറഞ്ഞു. അതേസമയം രണ്ടാം കുത്തിവയ്പിനാവശ്യമായ 25 ലക്ഷം ഡോസ് ഉള്‍പ്പെടെ ഈ മാസം 60 ലക്ഷം ഡോസ് കൂടി വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.