ദില്ലി : കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം ചോർന്നതിൽ സുപ്രീംകോടതിക്ക് അതൃപ്തി. വാക്സീൻ നയത്തിൽ കോടതി ഇടപെടരുത് എന്നായിരുന്നു സർക്കാരിന്റെ സത്യവാങ്മൂലം.
കോടതി നടപടികൾ തുടങ്ങിയപ്പോൾ തന്നെ സുപ്രീംകോടതി വാക്കുകളിലൂടെ അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു. വാക്സീൻ നയം സംബന്ധിച്ചുള്ള കേന്ദ്രത്തിന്റെ വിശദമായ സത്യവാങ്മൂലം ഇന്ന് രാവിലെയാണ് കിട്ടിയതെന്ന് ജസ്റ്റിസ് ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബഞ്ച് പറഞ്ഞു. സത്യവാങ്മൂലം വൈകിയാണ് കിട്ടിയതെങ്കിലും തനിക്ക് വിവരങ്ങളറിയാൻ പ്രയാസമുണ്ടായില്ല, രാവിലെ ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ വിശദമായ വിവരങ്ങളുണ്ടായിരുന്നു എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.
വാക്സീൻ നയം തുല്യത ഉറപ്പാക്കുന്നതാണെന്നാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്. സംസ്ഥാനങ്ങൾക്കെല്ലാം ഒരേ വില ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്രം വലിയ കരാർ നല്‍കുന്നത് കൊണ്ടാണ് കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത്. സംസ്ഥാന ക്വാട്ടയിൽ പകുതി സ്വകാര്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
വാക്സീന്‍ വില ഏകീകരണത്തില്‍ ഇന്ന് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയേക്കും. വിലയുടെ കാര്യത്തില്‍ കേന്ദ്രം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, വാക്സീന്‍ ഉത്പാദനത്തിന് കമ്പനികള്‍ക്ക് നല്‍കിയ ഫണ്ടിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.