ന്യൂഡൽഹി : പുതുവർഷത്തിൽ വാക്സീൻ ഇന്ത്യയിൽ ലഭ്യമാകുമെന്ന പ്രതീക്ഷ നൽകി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ജനുവരിയിലെ ഏതാഴ്ചയിലും വാക്സീൻ പ്രതീക്ഷിക്കാമെന്നും സുരക്ഷിതത്വത്തിലും ഫലപ്രാപ്തിയിലും വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ 3 സാധ്യതാ വാക്സീനുകളാണ് അനുമതിക്കായി അപേക്ഷ നൽകിയിരിക്കുന്നത്. പരിശോധനാ ഫലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഹാജരാക്കാൻ കമ്പനികളോട് വിദഗ്ധ സമിതി നിർദേശിച്ചിരിക്കുകയാണ്.
രാജ്യത്ത് കോവിഡ് വ്യാപനത്തിൽ വൻ കുറവാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉണ്ടാകുന്നത്. കോവിഡ് മുക്തിയുടെ കാര്യത്തിൽ ക്രമാനുഗതമായ വളർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നില തുടരുകയും അടുത്ത മാസം വാക്സീൻ നൽകി തുടങ്ങുകയും ചെയ്താൽ കോവിഡ് പ്രതിരോധം നിർണായക ഘട്ടത്തിലേക്ക് കടക്കുമെന്നാണ് സർക്കാരിന്റെ കണക്ക് കൂട്ടൽ.