കോഴിക്കോട് : തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു നടത്തുന്ന വാക്സീന്‍ വിതരണത്തില്‍ പിന്‍വാതില്‍ ക്രമക്കേടെന്നു പരാതി. സ്പോട്ട് രജിസ്ട്രേഷന്റെ മറവില്‍ തദ്ദേശ സ്ഥാപന പ്രതിനിധികൾക്കു താൽപര്യമുള്ളവർക്കു മുൻഗണന നൽകുന്നുവെന്നാണു പ്രധാന ആക്ഷേപം. പ്രായമായവരും സാങ്കേതികജ്ഞാനം ഇല്ലാത്തവരും വാക്സീൻ ബുക്കിങ്ങിൽ പിന്തള്ളപ്പെട്ടു പോകാതിരിക്കാനാണു തദ്ദേശ സ്ഥാപനങ്ങളിൽ സ്പോട്ട് രജിസ്ട്രേഷൻ സംവിധാനമൊരുക്കിയത്. എന്നാൽ ചില തദ്ദേശ സ്ഥാപനങ്ങളും വാർഡ് പ്രതിനിധികളും അവർക്കു താൽപ്പര്യമുള്ളവർക്കു മാത്രം വാക്സീൻ നൽകുന്നതിനാൽ പലയിടത്തും പദ്ധതി അട്ടിമറിക്കപ്പെടുകയാണ്.
വാക്സീൻ ലഭ്യത മുൻകൂട്ടി അറിഞ്ഞു വേണ്ടപ്പെട്ടവർക്കു വിവരം നൽകുകയാണു പലയിടത്തും. പഞ്ചായത്ത് ഭരിക്കുന്ന പാർട്ടിക്കോ വാർഡ് അംഗത്തിനോ താൽപര്യമുള്ളവരെയാണു സ്പോട്ട് രജിസ്ട്രേഷനായി എത്തിക്കുന്നത്. പ്രായമായവരും മറ്റ് അസുഖങ്ങളുള്ളവരും കാത്തു നിന്നാലും വാക്സീൻ കിട്ടില്ല. രണ്ടാം ഡോസ് വാക്സീൻ എടുക്കാനുള്ള സമയപരിധി കഴിഞ്ഞ പത്തു ലക്ഷത്തോളം പേർ സംസ്ഥാനത്തു കാത്തു നിൽക്കുമ്പോഴാണ് ഇവരെയൊക്കെ മറികടന്നുള്ള പിൻവാതിൽ വിതരണം.
ചില സ്ഥലങ്ങളിൽ കൂട്ടത്തോടെ വാക്സീൻ ബുക്ക് ചെയ്യാൻ ഹെൽപ് ഡെസ്ക്കുകളും ആരംഭിച്ചിട്ടുണ്ട്. വാക്സീൻ സ്ലോട്ടുകളെക്കുറിച്ചുള്ള വിവരം നേരത്തേ ചോർത്തി നൽകി ഇവർ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നതോടെ ഓൺലൈനിലും വാക്സീൻ കിട്ടാനില്ലാത്ത അവസ്ഥയാണ്. അറിയിപ്പു വന്നു മിനിറ്റുകൾക്കുള്ളിൽ അപേക്ഷിച്ചാലും ബുക്കിങ് പൂർണമായതായാണു വെബ്സൈറ്റിൽ കാണുന്നത്.