അബുദാബി : ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഇന്ത്യയിൽ നിർമ്മിക്കുന്ന കോവിഡ് വാക്സീന്റെ വ്യത്യസ്ത പേരുകൾ പ്രവാസികൾക്കു വിനയാകുന്നു. ഇന്ത്യയിൽ കോവിഷീൽഡ് എന്നും വിദേശത്ത് അസ്ട്രാസെനക എന്നും അറിയപ്പെടുന്ന വാക്സീൻ എടുത്തവർക്കാണു പ്രതിസന്ധി. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ രാജ്യങ്ങളിൽ അസ്ട്രാസെനക എന്ന പേരിലാണു വാക്സീൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോവിഷീൽഡ് ഈ രാജ്യങ്ങളുടെ അംഗീകൃത പട്ടികയിലില്ല.
അസ്ട്രാസെനക വാക്സീൻ 2 ഡോസ് എടുത്തവർക്കും ഒരു ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടവർക്കുമാണ് സൗദി ഉൾപ്പെടെ ചില രാജ്യങ്ങളിലേക്കു പ്രവേശനം. ഇവർക്ക് ക്വാറന്റീനിലും ഇളവുണ്ട്. എന്നാൽ ഇന്ത്യയിൽനിന്നുള്ള വാക്സീൻ രേഖകളിൽ കോവിഷീൽഡ് എന്നു രേഖപ്പെടുത്തിയതിനാൽ ഈ ആനുകൂല്യം ലഭിക്കുന്നില്ല. രണ്ടു വാക്സീനും ഒന്നാണെന്ന് ഇന്ത്യ രേഖാമൂലം അറിയിക്കുകയോ രേഖകളിൽ അസ്ട്രാസെനക എന്നു രേഖപ്പെടുത്തുകയോ ചെയ്യണമെന്നു പ്രവാസികൾ ആവശ്യപ്പെടുന്നു.