ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ പശു, എരുമ എന്നിവയ്ക്ക് ഒക്‌ടോബര്‍ 5 മുതല്‍ 21 ദിവസം നീളുന്ന രണ്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം നടത്തുന്നു. ഇതിലേക്ക് വാക്‌സിനേറ്റര്‍, സഹായികള്‍ എന്നിവരില്‍ നിന്നും മൃഗസംരക്ഷണ വകുപ്പ് അപേക്ഷകള്‍ ക്ഷണിക്കുന്നു. സര്‍വീസില്‍ നിന്നും വിരമിച്ച ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍മാര്‍, ഫീല്‍ഡ് ഓഫീസര്‍മാര്‍, സര്‍വ്വീസിലില്ലാത്തതും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉളളതുമായ വെറ്ററിനറി ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് വാക്‌സിനേറ്ററായി അപേക്ഷിക്കാവുന്നതാണ്.
മൃഗസംരക്ഷണ വകുപ്പില്‍ നിന്നും വിരമിച്ച അറ്റന്‍ഡര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍, 18 വയസ്സിനു മുകളില്‍ പ്രായമുളള വി.എച്ച്.എസ്.സി പാസായവര്‍, കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍, ആപ്തമിത്ര വോളന്റിയര്‍മാര്‍ ( കോട്ടയം ജില്ലയില്‍ മാത്രം), സാമൂഹിക സന്നദ്ധ വോളന്റിയര്‍മാര്‍ എന്നിവര്‍ക്ക് സഹായികളായി അപേക്ഷിക്കാവുന്നതാണ്. 21 ദിവസ കാലയളവിലേക്ക് വാക്‌സിനേറ്റര്‍മാര്‍ക്ക് പരമാവധി 15000 രൂപയും സഹായികള്‍ക്ക് പരമാവധി 10000 രൂപയും ഹോണറേറിയം നല്‍കുന്നതാണ്.
അപേക്ഷകര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ ബയോഡേറ്റ സഹിതം നേരിട്ട് തങ്ങള്‍ താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍ കീഴിലുളള മൃഗാശുപത്രിയിലെ ചീഫ് വെറ്ററിനറി ഓഫീസറുടേയോ സീനിയര്‍ വെറ്ററിനറി ഓഫീസറുടേയോ വെറ്ററിനറി സര്‍ജന്റേയോ മുമ്പാകെ ഹാജരാകേണ്ടതാണ്. ഒക്‌ടോബര്‍ 02-ന് ഉച്ചയ്ക്ക് 12 മണി വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. ആധാര്‍ കാര്‍ഡിന്റെ കോപ്പി അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതുമാണ്.