ജയ്പൂര്‍: രാജസ്ഥാനില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. രണ്ടാഴ്ചക്കിടെ 1,200 പശുക്കള്‍ ചത്തുവെന്നാണ് റിപ്പോര്‍ട്ട്. പശുക്കളുടെ ശരീരത്തില്‍ വലിയ മുഴകള്‍ തടിച്ചുപൊന്തുന്നതിന് പിന്നാലെയാണ് മരണം. രാജസ്ഥാനിലെ പടിഞ്ഞാറന്‍-വടക്കന്‍ മേഖലകളിലെ പശുക്കള്‍ക്കാണ് ഈ രോഗം ബാധിച്ചിരിക്കുന്നത്.
ആദ്യമായി ഏപ്രിലിലായിരുന്നു രോഗം റിപ്പോര്‍ട്ട് ചെയ്തത്. പ്രതിരോധശേഷി കുറവുള്ള പശുക്കളെയാണ് രോഗം പെട്ടെന്ന് ബാധിക്കുന്നത്. ഈ രോഗത്തിന് ചികിത്സയോ വാക്‌സിനോ ഇതുവരെ ലഭ്യമായിട്ടില്ല. ശക്തമായ പനിയും മൂക്കൊലിപ്പും ചിക്കന്‍ പോക്‌സിന് സമാനമായ കുമിളകളുമാണ് രോഗത്തിന്റെ ലക്ഷണം. പകര്‍ച്ചവ്യാധി ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളില്‍ അനിമല്‍ ഹസ്ബന്‍ഡറി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി നിരീക്ഷണം നടത്തുകയാണ്.