വയനാട് : ലക്കിടിയില്‍ മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ടതില്‍ പോലീസിനെ കുരുക്കിലാക്കി ഫോറന്‍സിക് പരിശോധനാ ഫലം പുറത്ത്. സിപി ജലീല്‍ വെടിയുതിര്‍ത്തിരുന്നില്ല എന്നാണ് ഫോറന്‍സിക് നല്‍കുന്ന പരിശോധനാ ഫലം. പോലീസ് പരിശോധനയ്ക്ക് അയച്ച തോക്കില്‍ നിന്നും വെടി ഉതിര്‍ത്തിട്ടില്ലെന്നാണ് ഫോറന്‍സിക് കണ്ടെത്തിയത്. കൂടാതെ ജലീലിന്റെ വലത് കയ്യില്‍ നിന്നും എടുത്ത സാമ്പിളുകളില്‍ വെടിമരുന്നിന്റെ അംശവും കണ്ടെത്തിയിട്ടില്ല. ജലീല്‍ കൊല്ലപ്പെട്ടതിന് സമീപത്ത് നിന്നും ലഭിച്ചതെന്ന് പറഞ്ഞ് പോലീസ് ഹാജരാക്കിയ തോക്കിന്റെ പരിശോധനയില്‍ നിന്നുളള വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ജലീല്‍ ആദ്യം വെടിവെച്ചെന്നും തുടര്‍ന്നാണ് തിരിച്ച് വെടിവെച്ചതെന്നുമാണ് പോലീസ് നേരത്തെ വിശദീകരിച്ചിരുന്നത്.
ഇതോടെ ജലീലിന്റെ മരണം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന ആരോപണങ്ങള്‍ വീണ്ടും കുടുംബം ഉയര്‍ത്തുകയാണ്. സംഭവത്തില്‍ പുനരന്വേഷണം വേണമെന്ന് സഹോദരന്‍ സി.പി റഷീദ് മാധ്യമങ്ങളോട് പറഞ്ഞു. ജലീലിന്റെ കൊലപാതകത്തിന് പിന്നാലെ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് പറഞ്ഞിരുന്നു. കുടുംബം നടത്തിയ നിയമപരമായ ഇടപെടലിലൂടെയാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച ഫോറന്‍സിക് പരിശോധനാ ഫലവും ഇപ്പോള്‍ പുറത്ത് വരുന്നത്.
2019 മാര്‍ച്ച് ആറിന് വയനാട്ടിലെ വൈത്തിരിയിലെ ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് സിപി ജലീല്‍ കൊല്ലപ്പെട്ടതെന്നാണ് പോലീസ് വിശദീകരണം. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ റിസോര്‍ട്ടില്‍ എത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെട്ടു. ഇത് വാക്കുതര്‍ക്കത്തില്‍ കലാശിച്ചു. തുടര്‍ന്ന് റിസോര്‍ട്ട് നടത്തിപ്പുകാര്‍ വിവരമറിയിച്ചതോടെ സ്ഥലത്തെത്തി മാവോയിസ്റ്റുകളെ നേരിടുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞിരുന്നത്. തണ്ടര്‍ബോള്‍ട്ടും ഒപ്പം ഉണ്ടായിരുന്നു. റിസോര്‍ട്ടിലെ താമസക്കാരെ ഇവര്‍ ബന്ദികളാക്കിയെന്നും പോലീസ് പറയുന്നു.
റിസോര്‍ട്ടിനുളളിലെ മീന്‍കുളത്തിനോട് ചേര്‍ന്ന് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ജലീലിന്റെ മൃതദേഹം കണ്ടെത്തിയത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ മാവോയിസ്റ്റ് കബനീദളത്തിന്റെ നേതാവ് സി.പി മൊയ്തീന്റെ സഹോദരനാണ് ജലീല്‍. 2014 മുതലാണ് ജലീല്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം കൂടിയതെന്നാണ് വിവരം. 2014 മുതല്‍ ജലീല്‍ ഒളിവിലായിരുന്നെന്ന് പോലീസും പറയുന്നു.
ജലീലിനെ തണ്ടര്‍ബോള്‍ട്ട് അന്യായമായി കൊലപ്പെടുത്തിയതാണെന്നും സംഭവത്തില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പരാതിയുണ്ടെന്നും ജലീലിന്റെ ജ്യേഷ്ഠനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി.പി റഷീദ് അന്ന് മുതല്‍ ആരോപിച്ചിരുന്നു. നാട്ടുകാരുടെ സൈര്യജീവിതം തടസപ്പെടുത്തിയതിനാണ് മാവോയിസ്റ്റുകള്‍ക്കെതിരെ നടപടി എടുത്തതെന്നാണ് ഡിജിപി ഇതില്‍ നേരത്തെ നല്‍കിയ വിശദീകരണം.