ഇടുക്കി: ദേവികുളം ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥി വിജയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ജയലക്ഷ്മി ആണ് തെരെഞ്ഞെടുത്തത്. 8 വോട്ടാണ് ജയലക്ഷ്മിക്ക് കിട്ടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജാക്ലിന്‍മേരിക്ക് 4 വോട്ടാണ് ലഭിച്ചത്. സി പി ഐയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് മാറിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണിദാസ് രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ദേവികുളം ബ്ലോക്ക് പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്.
സി പി ഐയ്ക്ക് മുന്‍തൂക്കമുള്ള ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം വെച്ചുമാറണമെന്ന നിബന്ധയോടെയാണ് ആനന്ദറാണിദാസ് ആദ്യം സ്ഥാനം ഏറ്റെടുത്തത്. എന്നാല്‍ സമയം എത്തിയിട്ടും ആനന്ദറാണി സ്ഥാനം ഒഴിയാന്‍ കൂട്ടാക്കാത്തത് നിരവധി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പാര്‍ട്ടി ഇവര്‍ക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചതോടെ ഇവര്‍ മറ്റൊരു അംഗത്തെ കൂടെക്കൂട്ടി കോണ്‍ഗ്രസിലേക്ക് മാറി. എന്നാല്‍ പിന്നീട് ആനന്ദറാണി സി പി ഐയ്ക്കൊപ്പം നില്‍ക്കുകയും ജയലക്ഷ്മിയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.