മണിമല : എൽ.ഡി.എഫ് ഭരിക്കുന്ന മണിമല പഞ്ചായത്തില്‍ യു.ഡി.എഫിന് സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം. സി.പി.ഐയും കേരള കോൺഗ്രസ് എമ്മും തമ്മിലുള്ള ഭിന്നതയാണ് യു.ഡി.എഫിന് അട്ടിമറി വിജയം സമ്മാനിച്ചത്. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയായി മുസ്ലിം ലീഗിലെ ജമീല മാടക്കാല തെരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐയുടെ പിന്തുണയോടെ കേരള കോണ്‍ഗ്രസ് എം സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ് ഇവരുടെ വിജയം. ക്ഷേമകാര്യ സ്ഥിരംസമിതിയിൽ സി.പി.ഐ- ഒന്ന്, ലീഗ്- ഒന്ന്, കേരള കോണ്‍ഗ്രസ് എം- ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. എൽ.ഡി.എഫ് ഘടകകക്ഷികളായ സി.പി.ഐയും കേരള കോൺഗ്രസും എമ്മും തമ്മിലുള്ള രൂക്ഷമായ ഭിന്നതക്കൊടുവിൽ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയായിരുന്ന കേരള കോൺഗ്രസ് എമ്മിലെ സുനി വര്‍ഗീസ് പുറത്താവുകയായിരുന്നു. ഇവർക്കെതിരെ സി.പി.ഐ പ്രതിനിധി പി.ടി. ഇന്ദു അവിശ്വസം കൊണ്ടുവന്നു. ഇത് ഒന്നിനെതിരെ രണ്ട് വോട്ടിന് പാസാവുകയായിരുന്നു. ഇതിന്റെ തുടർച്ചയായി നടന്ന തെരഞ്ഞെടുപ്പിലും ഭിന്നത പരിഹരിക്കാൻ എൽ.ഡി.എഫ് നേതൃത്വത്തിനായില്ല.
അധ്യക്ഷ സ്ഥാനത്തേക്ക് ജമീല മാടക്കാലക്കൊപ്പം സുനി വര്‍ഗീസും ഇന്ദുവും നാമനിർദേശപത്രിക നൽകിയിരുന്നു. എന്നാൽ വോട്ടെടുപ്പിൽ ജമീല മാടക്കാലക്ക് അനുകൂലമായി ഇന്ദു വോട്ടുചെയ്യുകയായിരുന്നു. 11ാം വാര്‍ഡ് മെമ്പറാണ് ജമീല മാടക്കാല. ഇടതുമുന്നണിയിലെ ധാരണ പാലിക്കാത്തതിനെ തുടർന്നാണ് അവിശ്വാസം കൊണ്ടുവന്നതെന്നും ഇതിനുശേഷവും വിട്ടുവീഴ്ചക്ക് കേരള കോൺഗ്രസ് തയാറാകാത്ത സാഹചര്യത്തിലാണ് യു.ഡി.എഫിനെ പിന്തുണച്ചതെന്ന് സി.പി.ഐ നേതാക്കൾ പറയുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ധാരണയൊന്നുമില്ലെന്നാണ് കേരള കോൺഗ്രസ് പ്രാദേശിക നേതൃത്വം പറയുന്നത്. തർക്കം പരിഹരിക്കാൻ എൽ.ഡി.എഫിൽ ചർച്ചകൾ നടന്നെങ്കിലും ഇരുപാർട്ടികളും വീട്ടുവീഴ്ചക്ക് തയാറായിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുപാർട്ടിയും തമ്മിലുള്ള ഭിന്നത എൽ.ഡി.എഫിൽ ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്. തർക്കങ്ങൾ സീറ്റ് വിഭജനത്തെയടക്കം ബാധിക്കാമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 15 അംഗ മണിമല പഞ്ചായത്തിൽ എൽ.ഡി.എഫിന് 11 അംഗങ്ങളും യു.ഡി.എഫിന് നാല് അംഗങ്ങളുമാണുള്ളത്.
എൽ.ഡി.എഫിൽ സി.പി.എം- ആറ്, കേരള കോൺഗ്രസ്എം- മൂന്ന്, സി.പി.ഐ- രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫിൽ മൂന്ന് കോൺഗ്രസും ഒന്ന് ലീഗുമാണ്. നിലവിൽ കേരള കോൺഗ്രസ് എമ്മിലെ സിറിൽ തോമസാണ് പ്രസിഡന്റ്. സി.പി.എമ്മിലെ റോസമ്മ തോമസാണ് വൈസ് പ്രസിഡന്റ്. എൽ.ഡി.എഫിലെ ധാരണപ്രകാരം ആദ്യ മൂന്നുവർഷം പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിനും വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.ഐക്കുമായിരുന്നു. കാലാവധി പൂർത്തിയായതോടെ ഇവർ രാജിവെക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതോടെ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം സി.പി.ഐ നൽകണമെന്നായിരുന്നു എൽ.ഡി.എഫിലെ ധാരണയെന്ന് ഇവർ പറയുന്നു. എന്നാൽ, നിരന്തരം ആവശ്യപ്പെട്ടിട്ടും സ്ഥാനം ഒഴിഞ്ഞില്ല. ഇതോടെയാണ് കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടിവന്നതെന്നും സി.പി.എം നേതാക്കൾ കുറ്റപ്പെടുത്തുന്നു.