കൊച്ചി : എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വീണ്ടും വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം. റിപ്പോര്‍ട്ട് സമയബന്ധിതമായി സമര്‍പ്പിക്കാതിരുന്നതില്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നു എന്ന് സംശയമെന്നും എഡിജിപി സംഭവവികാസങ്ങളില്‍ ഇടപെടാതിരുന്നതില്‍ ദുരൂഹതയെന്നും ജനയുഗം പത്രത്തില്‍ വന്ന ലേഖനത്തില്‍ പറയുന്നു. എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഇരപിടിയന്മാര്‍ക്ക് ഒപ്പമെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തിലും ലേഖനമുണ്ട്. പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ സിപിഐ നിലപാട് കടുപ്പിക്കുകയാണ്.
അന്വേഷണ റിപ്പോര്‍ട്ട് ആശയക്കുഴപ്പങ്ങള്‍ക്ക് വഴി വക്കുന്നെന്ന തലക്കെട്ടിലാണ് രൂക്ഷ വിമര്‍ശനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹമാണെന്നും ക്രമസമാധാന പാലനത്തിലെ അനുഭവ സമ്പദ് പ്രശ്ന പരിഹാരത്തിന് ഉപയോഗിച്ചില്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. റവന്യു മന്ത്രിയുടെ പോലും യാത്രാ സൗകര്യം നിഷേധിച്ചപ്പോള്‍ സുരേഷ് ഗോപിക്ക് വഴിയൊരുങ്ങി. സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തിയത് ദുരൂഹമാണ്. അന്വേഷണ റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകിയതിലടക്കം ദുരൂഹതയുണ്ടെന്നുമാണ് ആരോപണം.