റാന്നി: തോമ്പിക്കണ്ടം, ഇടമുറി മേഖലകളില്‍ ജല്‍ജീവന്‍ പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കാനെന്ന പേരില്‍ ഗ്രാമീണ റോഡുകള്‍ വെട്ടിപൊളിച്ചത് അടിയന്തിരമായി പുനരുദ്ധരിക്കണമെന്ന് സി.പി.ഐ നാറാണംമൂഴി ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മലയോര മേഖലകളിലെ മൂന്നു മീറ്റര്‍ വീതിയുള്ള കോണ്‍ക്രീറ്റ് റോഡുകളുടെ ഒരു വശം പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുകയാണ്. ഇത് മറ്റു ഭാഗത്തേക്കും വ്യാപിക്കുകയാണ്. പൈപ്പുകള്‍ സ്ഥാപിക്കാന്‍ കുഴിയെടുത്ത സമയത്ത് ഉടന്‍തന്നെ പുനരുദ്ധരിക്കുമെന്നും നാട്ടുകാര്‍ക്ക് വാക്കുനല്‍കിയ അധികൃതര്‍ ഇപ്പോള്‍ കൈമലര്‍ത്തുകയാണ്. ഇതിന് ഉടന്‍തന്നെ പരിഹാരം കാണണമെന്നും അധികൃതര്‍ അടിയന്തിരമായി പ്രശ്നത്തില്‍ ഇടപെടണമെന്നും
പ്രമേയം ആവശ്യപ്പെട്ടു.
ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ.ജി രതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഉഷാവിജയന്‍, തോമസ് ജോര്‍ജ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കെ.ചാണ്ടി, ജില്ലാ കൗണ്‍സിലംഗങ്ങളായ ടി.ജെ ബാബുരാജ്, ലിസി ദിവാന്‍, എം.വി പ്രസന്നകുമാര്‍, മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ സജിമോന്‍ കടയനിക്കാട്, ആര്‍ നന്ദകുമാര്‍, മഹിളാസംഘം മണ്ഡലം സെക്രട്ടറി കെ.കെ വിലാസിനി, ജോയി വള്ളിക്കാല, അനില്‍ അത്തിക്കയം, എം ശ്രീജിത്ത്, പി.സി എബ്രഹാം, അനീഷ് ജോസഫ്, സ്റ്റീഫന്‍ ജോസഫ്, എം.എസ് മനോജ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറിയായി എം ശ്രീജിത്തിനേയും അസിസ്റ്റന്റ് സെക്രട്ടറിയായി പി.സി എബ്രഹാം എന്നിവരെ തിരഞ്ഞെടുത്തു.