കോന്നി : പരിസ്ഥിതി വിഷമയമാക്കുന്ന ബയോ മെഡിക്കൽ പ്ലാന്റ് കിൻഫ്രയിൽ സ്ഥാപിക്കാൻ അനുവദിക്കരുതെന്ന് സി പി ഐ ഏനാദിമംഗലം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. സാധാരണയുണ്ടാകുന്ന കാർഷിക വ്യവസായ മാലിന്യങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ബയോ മെഡിക്കൽ മാലിന്യങ്ങൾ. ഇത് ജനങ്ങളിൽ പകർച്ച വ്യാധികൾ സൃഷ്ടിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. ആശുപത്രികളിലെ ചികിത്സക്കും ലബോറട്ടറിയിലെ പരിശോധനകൾക്കും ശേഷം പുറം തള്ളുന്ന മാരകമായ രോഗാണുക്കൾ അടങ്ങിയിട്ടുള്ള മനുഷ്യ ശരീര ഭാഗങ്ങൾ, റേഡിയേഷന് ഉപയോഗിക്കുന്ന വസ്തുക്കൾ, കീമോ തെറാപ്പിക്കുള്ള മരുന്നിന്റെ അവശിഷ്ടങ്ങൾ, രോഗാണുക്കൾ അടങ്ങിയിട്ടുള്ള രക്തം, കഫം, മലം, മൂത്രം എന്നിവയോടൊപ്പം ചികിത്സക്ക് ഉപയോഗിക്കുന്ന മറ്റുപകരണങ്ങൾ, സൂചി, സിറിഞ്ച് എന്നിവയുടെ വലിയ മാലിന്യ ശേഖരങ്ങളാണ് ബയോ മെഡിക്കൽ സംസ്കരണ പ്ലാന്റിലേക്ക് എത്തുന്നത്. ഇത് പ്ലാസ്റ്റിക് ചാക്കുകകളിൽ നിറച്ച് വലിയ കണ്ടെയ്നറുകളിൽ ആക്കിയാണ് കൊണ്ടുവരുന്നത് എങ്കിലും തരം തിരിക്കുന്നതിനും മറ്റുമായി തുറസായ സ്ഥലങ്ങളിലേക്ക് മാറ്റുന്നതോടെ വായു സമ്പർക്കത്തിലൂടെ രോഗാണുക്കൾ വായുവിൽ കലരുവാൻ ഇടയുണ്ട്.
മഴയിലും കാറ്റിലും ഇത് മണ്ണിലും ജലാശയങ്ങളിലും എത്തും. പ്രദേശങ്ങൾ വ്യാപകമായി മലിനമാകും. കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിൽ നിന്നുള്ള മാലിന്യങ്ങൾ ഭൂഗർഭ ജലത്തിലൂടെ താഴ്ഭാഗത്തെ അരുവികളിലും എത്താം. പ്രതി ദിനം 20 മെട്രിക് ടൺ മാലിന്യം സംസ്കരിക്കുന്നതിനുള്ള വലിയ പ്ലാന്റാണ് സ്ഥാപിക്കാൻ പോകുന്നത് എന്ന് പ്രൊജക്റ്റ് റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട്. ഇൻസിനേറ്ററിൽ കത്തിക്കുന്ന മാലിന്യങ്ങളുടെ പുക കൊണ്ട് ആകാശം മറയും. ആറ് ജില്ലകളിലെ രാസമാലിന്യങ്ങൾ ജനങ്ങൾ തിങ്ങി പാർക്കുന്ന ഒരു ഗ്രാമത്തിൽ നിറക്കാൻ അനുവദിക്കില്ല. പ്ലാന്റിനെതിരെ നാട്ടിലെ ജനങ്ങൾ ഉയർത്തുന്ന ജനകീയ പ്രതിരോധത്തിൽ ജനങ്ങളോടൊപ്പം അണിനിരക്കുമെന്ന് സി പി ഐ ഏനാദിമംഗലം പഞ്ചായത്ത് കമ്മറ്റി അറിയിച്ചു.