തിരുവനന്തപുരം : കടുത്ത ചേരിപ്പോരിനിടെ സിപിഐ സംസ്ഥാന സമ്മേളനത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. പാർട്ടി കമ്മിറ്റികളിൽ പ്രായപരിധി നിർബന്ധമാക്കാനുള്ള നേതൃത്വത്തിൻറെ നീക്കത്തിനെതിരെയാണ് വിമതപക്ഷം നിലപാട് കടുപ്പിക്കുന്നത്. നേതൃത്വത്തിനെതിരെ പരസ്യപ്രതികരണവുമായി രംഗത്തെത്തിയ വിമതനേതാക്കൾ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ കാനത്തെ പരാജയപ്പെടുത്താനാകുമെന്ന് കണക്കുകൂട്ടുന്നു.
ജില്ലാ സമ്മേളനങ്ങളിലെ വിമത നീക്കങ്ങൾക്ക് പിന്നാലെ സംസ്ഥാന സമ്മേളനത്തിലെത്തുമ്പോൾ സിപിഐയിൽ വിഭാഗീയത അതിരൂക്ഷം. അത്യന്തം അസാധാരണ സാഹചര്യം സമ്മേളനത്തിൽ എങ്ങനെ പ്രകടമാകുമെന്നതാണ് ഇനി അറിയേണ്ടത്. നേതൃമാറ്റം വേണമെന്നും സെക്രട്ടറി സ്ഥാനത്തിൽ കാനം രാജേന്ദ്രന് ആക്രാന്തമെന്തെന്നും ചോദിക്കുന്ന വിമത നേതാക്കൾ സമ്മേളനത്തിലും സ്വരം കടുപ്പിക്കും. പാർട്ടി പദവികളിൽ75 വയസ്സ് നിബന്ധന കൊണ്ടുവരാനുള്ള ദേശീയ കൗൺസിൽ നിർദേശം അംഗീകരിക്കില്ലെന്ന് കെഇ ഇസ്മായിലും സി.ദിവാകരനും ഇതിനോടകം പ്രതികരിച്ചു കഴിഞ്ഞു.
പാർട്ടി ഭരണഘടന അനുസരിച്ച് സംസ്ഥാന സെക്രട്ടറി പദവിയിൽ കാനത്തിന് ഒരുതവണ കൂടി തുടരാനാകും. എന്നാൽ ഈ നീക്കത്തിന് തടയിടാനുള്ള ആസൂത്രണം മറുപക്ഷത്ത് സജീവമാണ്. അസിസ്റ്റൻറ് സെക്രട്ടറി പ്രകാശ് ബാബുവിനെ സ്ഥാനാർഥിയാക്കാനായാൽ കാനത്തെ അട്ടിമറിക്കാമെന്ന് കണക്കുകൂട്ടൽ. രഹസ്യചർച്ചകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രകാശ് ബാബുവിൻറെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും.എന്നാൽ സംസ്ഥാന സമ്മേളന പ്രതിനിധികളിൽ വ്യക്തമായ മേൽക്കൈയുള്ളതിനാൽ ആശങ്കപ്പെടാനില്ലെന്നാണ് കാനം പക്ഷത്തിന്റെ നിലപാട്.ചുരുക്കത്തിൽ സിപിഐയുടെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവവികാസങ്ങളാണ് സമ്മേളനത്തിന് മുൻപ് തന്നെ അരങ്ങുതകർക്കുന്നത്.