തിരുവനന്തപുരം: സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിന്റെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചിച്ചു. അരവിന്ദനെന്ന മഹാപ്രതിഭയ്ക്കൊപ്പം ഛായാഗ്രാഹകനായി സിനിമാ രംഗത്തെത്തിയ അദ്ദേഹം നാല്പതോളം ചലച്ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചുകൊണ്ട് തന്റെ പ്രതിഭ അടയാളപ്പെടുത്തി. പിന്നീട് പിറവി എന്ന സിനിമയിലൂടെ സംവിധാനരംഗത്തെത്തിയ അദ്ദേഹം ലോകം ശ്രദ്ധിച്ച സംവിധായകനായി. ദേശീയ, അന്താരാഷ്ട്ര പുരസ്കാരങ്ങൾ വാരിക്കൂട്ടിയ പിറവിക്കുശേഷം സംവിധാനം ചെയ്ത ഓരോ സിനിമകളും ഒന്നിനൊന്ന് മെച്ചപ്പെട്ടവയായിരുന്നു.
കേരള രാജ്യാന്തര ചലച്ചിത്രമേള, ചലച്ചിത്ര വികസന കോർപറേഷൻ– അക്കാദമി എന്നിവയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മികച്ച സംഘാടകനെന്ന നിലയിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. തന്റെ രാഷ്ട്രീയ ബോധ്യങ്ങളെ സിനിമയിൽ അവതരിപ്പിക്കുന്നതിലും പൊതു ഇടങ്ങളിൽ രാഷ്ട്രീയ പക്ഷപാതിത്വം വിളിച്ചുപറയുന്നതിലും മടി കാട്ടാതിരുന്ന സിനിമാ പ്രവർത്തകനായിരുന്നു ഷാജി എൻ കരുൺ. അദ്ദേഹത്തിന്റെ വേർപാട് ചലച്ചിത്ര രംഗത്തിനുമാത്രമല്ല പൊതുസമൂഹത്തിനും വലിയ നഷ്ടമാണുണ്ടാക്കിയതെന്നും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ബിനോയ് വിശ്വം അനുശോചന സന്ദേശത്തിൽ പറഞ്ഞു.