മൂന്നാര്‍: മൂന്നാറിലെ വിവാദ ഭൂമിയില്‍ ചട്ടപ്രകാരമല്ലാത്ത നിര്‍മ്മാണത്തിന് അനുമതി തേടി സിപിഐ. മൂന്നാര്‍ ദൗത്യസംഘം പൊളിച്ചു മാറ്റിയ സിപിഐ ഓഫീസിലെ കോണ്‍ക്രീറ്റ് പാതയ്ക്ക് പകരം പ്ലാറ്റ്‌ഫോം നിര്‍മിക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ വീടുവെയ്ക്കാന്‍ മാത്രം അനുമതിയുള്ള സ്ഥലത്ത് വാണിജ്യ ആവശ്യത്തിനുള്ള നിര്‍മാണത്തിനാണ് അനുമതി തേടിയിരിക്കുന്നതെന്ന് ദേവികുളം തഹസില്‍ദാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ കളക്ടര്‍ അപേക്ഷ തള്ളി.
മൂന്നാറിലെ സിപിഐ ഓഫീസിന്‍റെ മുന്‍ഭാഗത്ത് 8.16 മീറ്റര്‍ നീളത്തിലും 9.55 മീറ്റര്‍ വീതിയിലും പ്ലാറ്റ്‌ഫോം നിമ്മിക്കാന്‍ അനുമതി ആവശ്യപ്പെട്ടാണ് സിപിഐ ഇടുക്കി ജില്ല കമ്മറ്റി അപേക്ഷ നല്‍കിയത്. സിപിഐ സംസ്ഥാ സെക്രട്ടറിയുടെ പേരിലുള്ള സ്ഥലത്ത് മൂന്നു നിലകളുള്ള കെട്ടിടമുണ്ട്. താഴത്തെ നില ദേവികുളം എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഓഫിസും മറ്റു നിലകളില്‍ മൂന്നാര്‍ ടൂറിസ്റ്റ് ഹോം എന്ന വാണിജ്യ സ്ഥാപനവുമാണ്. 2007-ല്‍ മൂന്നാര്‍ ദൗത്യസംഘം പൊളിച്ചു മാറ്റിയ സി പി ഐ ഓഫിസിലെ കോണ്‍ക്രീറ്റ് പാതയ്ക്ക് പകരം പ്ലാറ്റ്‌ഫോം നിര്‍മിക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം.
കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് പ്ലാറ്റ്‌ഫോം പണിയുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഹൈക്കോടതി വിധി പ്രകാരം വീട് നിര്‍മാണത്തിന് മാത്രം എന്‍. ഒ.സി. നല്‍കാന്‍ അനുമതിയുള്ള സ്ഥലത്ത് വാണിജ്യാവശ്യത്തിനുവേണ്ടിയാണ് സി പി ഐ, എന്‍ ഒ സി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് തഹസീല്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതേ തുടന്നാണ് ഇടുക്കി കളക്ടര്‍ അനുമതി നിഷേധിച്ചത്. വഴിയില്‍ നിന്നും സ്വന്തം വീട്ടിലേക്കോ സ്ഥാപനത്തിലേക്കോ കയറാന്‍ പാതയുണ്ടാക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നാണ് സിപിഐ നിലപാട്. കളക്ടര്‍ അനുമതി നിഷേധിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും സിപിഐ വ്യക്തമാക്കി.