വെച്ചൂച്ചിറ: നോട്ടീസും പോസ്റ്ററുമടിച്ച് വിപുലമായ മുന്നൊരുക്കങ്ങളോടെ ആരംഭിച്ച സി.പി.ഐ വെച്ചൂച്ചിറ ലോക്കല്‍ സമ്മേളനം തര്‍ക്കം മൂലം നിര്‍ത്തിവെച്ചു. ഇതോടെ ഉപരികമ്മറ്റിയുടെ നിര്‍ദേശമില്ലാതെ സമ്മേളനം നിര്‍ത്തിവെച്ചത് ജില്ലാ തലത്തില്‍ വിവാദമാകുകയും ചെയ്തു. കഴിഞ്ഞ ഞായറും തിങ്കളുമായിട്ടാണ് സി.പി.ഐ വെച്ചൂച്ചിറ ലോക്കല്‍ സമ്മേളനം തീരുമാനിച്ചിരുന്നത്. ഇതിന്റെ പൊതുസമ്മേളനം നടത്തിയ രീതി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതതിലെ വൈരാഗ്യമാണ് സമ്മേളനം നിര്‍ത്തി വെക്കാന്‍ പ്രാദേശിക നേതൃത്വം തയ്യാറായത്. പാര്‍ട്ടിയിലെ ഒരംഗത്തിനെ ആദരിക്കാന്‍ വിളിക്കാതിരുന്നതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെയാണ് ആദരിച്ചത്. ഇതില്‍ ആദരം ഏറ്റുവാങ്ങിയവരില്‍ കൂടുതലും കോണ്‍ഗ്രസ് അനുഭാവികളാണെന്നും ഇവരില്‍ നിന്നും ഫണ്ട് വാങ്ങിയാണ് പരിപാടി നടത്തിയതെന്നും പ്രവര്‍ത്തകര്‍ വിളിച്ചു പറഞ്ഞു.
പിന്നാലെ ഇവര്‍ പ്രതിക്ഷേധവുമായി സ്റ്റേജിന് സമീപം എത്തി. ബഹളം മുറികിയതോടെ അസഭ്യം വിളിയുമുണ്ടായി. നേതൃത്വം വളരെ പണിപ്പെട്ട് ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കി പറഞ്ഞു വിടുകയും ചെയ്തത്. ഇതിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. രാത്രിയില്‍ ലോക്കല്‍ കമ്മറ്റി ചേര്‍ന്ന് അടുത്ത ദിവസത്തെ പ്രതിനിധി സമ്മേളനം നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു. ഇതിന് നേതൃത്വം അനുവാദം നല്‍കിയില്ല. എന്നാല്‍ പ്രാദേശിക നേതൃത്വം, മണ്ഡലം – ജില്ലാ നേതൃത്വത്തെ വെല്ലുവിളിച്ച് തീരുമാനം നടപ്പിലാക്കി. അടുത്ത സമയത്ത് സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ജില്ലാ നേതാവാണ് ഇതിന് പിന്നില്‍ ചരടുവലിച്ചതെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആരോപണം. ഇദേഹവും വെച്ചൂച്ചിറയിലെ ചില നേതാക്കളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് തെറ്റായ തീരുമാനത്തിന് പിന്നില്‍. ജില്ലയിലെ സമ്മേളനങ്ങളില്‍ സ്വാധീനം ഉറപ്പിച്ച് അദ്ദേഹത്തിന് തിരികെ വരുവാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ആരോപണം ഉയരുന്നു. ഇത് ജില്ലയിലെ വിഭാഗീയത അവസാനിച്ചില്ലെന്നതിന്റെ തെളിവായി മറുഭാഗം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വെച്ചൂച്ചിറയിലെ നേതാക്കള്‍ ഇരുവിഭാഗമായി ചേരി തിരിഞ്ഞതാണ് പ്രശ്നം വഷളാകാന്‍ കാരണമെന്നും പറയുന്നു.
മുന്‍ പഞ്ചായത്തംഗമായ തൊഴിലാളി നേതാവിനെ പുറത്താക്കിയാലെ സമ്മേളനം നടത്തുവെന്ന് ലോക്കല്‍ സെക്രട്ടറി വാശി പിടിച്ചതായും പറയുന്നു. ഇതിനെ പാര്‍ട്ടിയുടെ ചില മണ്ഡലം തല നേതാക്കള്‍ പിന്തുണച്ചതായും അതാണ് ലോക്കല്‍ നേതാക്കള്‍ക്ക് സമ്മേളനം നിര്‍ത്തി വെക്കാന്‍ ധൈര്യം ലഭിച്ചതെന്നും സൂചനയുണ്ട്. ചില പ്രശ്നങ്ങള്‍ വെച്ചൂച്ചിറയില്‍ ഉണ്ടായതായും സമ്മേളനം നിര്‍ത്തി വെക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും നേതാക്കള്‍ തന്നെ രഹസ്യമായി പറയുന്നുണ്ട്. അസാധാരണ സംഭവങ്ങള്‍ ഉണ്ടായെങ്കിലെ സമ്മേളനം പോലുള്ള പരിപാടികള്‍ മാറ്റി വെക്കാറുള്ളു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പൊതുജനങ്ങളുടെ മുന്നില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും വിവരമുണ്ട്.
എന്നാല്‍ ഇത് സംബന്ധിച്ച പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍ കള്ളം പറഞ്ഞ് തടിതപ്പുകയായിരുന്നു. പൊതുസമ്മേളനം മാത്രമാണ് ഞായറാഴ്ച നടന്നതെന്നും പ്രതിനിധിസമ്മേളനം മേയ് മാസം 13 നാണ് നടക്കുകയെന്നും പറഞ്ഞ ജോജോ കോവൂര്‍, ചില തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ചു. എന്നാല്‍ അതൊക്കെ സാധാരണമാണ് എന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്.