കാസര്‍ഗോഡ്: കുമ്പളയില്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെയുണ്ടായ ആക്രമണക്കേസില്‍ സിപിഐഎം ഏരിയ സെക്രട്ടറിക്ക് നാല് വര്‍ഷം തടവ്. കുമ്പള ഏരിയ സെക്രട്ടറി ഇച്ചിലങ്കോട്ടെ സി.എ സുബൈറിനാണ് തടവ് ശിക്ഷ. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ കുമ്പളയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ വിജയാഘോഷത്തിനിടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഒരു ലീഗ് പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേല്‍ക്കുകയും, നിരവധി വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
2016 ല്‍ മുസ്ലിം ലീഗിലെ പി.ബി അബ്ദുല്‍ റസാക്കിന്റെ വിജയാഹ്ലാദ പ്രകടനം നടക്കുന്നതിനിടെ ഉണ്ടായ ആക്രമണത്തില്‍ സി.എ സുബൈര്‍ അടക്കം എട്ട് പ്രതികളാണ് കേസിലുള്ളത്. ഇവരില്‍ ഒരാള്‍ വിചാരണയ്ക്കിടെ മരിച്ചു. ബാക്കിയുള്ള 7 പ്രതികളെയാണ് കാസര്‍കോട് സബ് കോടതി ശിക്ഷിച്ചിരിക്കുന്നത്. സുബൈറിന് നാലു വര്‍ഷവും ബാക്കിയുള്ള പ്രതികള്‍ക്ക് രണ്ടു വര്‍ഷവുമാണ് തടവുശിക്ഷ.