പാലക്കാട് : കണ്ണമ്പ്ര റൈസ് പാര്‍ക്ക് ഭൂമിയേറ്റെടുക്കലിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ.കെ ബാലനെതിരെ ആരോപണം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി.കണ്ണമ്പ്ര റൈസ് പാര്‍ക്ക് ഭൂമി ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ സിപിഐഎം നടപടിയെടുത്തതിന് പിന്നാലെയാണ് വിഷയം രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും തയാറാകുന്നത്.
രണ്ടരക്കോടി രൂപയുടെ ക്രമക്കേടില്‍ എ.കെ ബാലന് പങ്കുണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എ.കെ ബാലന്‍ അറിയാതെ ഒരിടപാടും നടക്കില്ലെന്ന് ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പന്‍ പറഞ്ഞു. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവനും എ.കെ ബാലനും സിഐഡി കളിച്ച് നിയമസംവിധാനത്തെ വെല്ലുവിളിക്കുകയാണെന്നായിരുന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസിന്റെ പരിഹാസം.
തരൂര്‍ മണ്ഡലത്തിലെ സ്വപ്ന പദ്ധതിയായി അവതരിപ്പിച്ച ഒന്നായിരുന്നു പാപ്‌കോസ് റൈസ് പാര്‍ക്ക്. ഇതിനായി ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ രൂപീകരിച്ചാണ് ധനസമാഹരണം നടത്തിയത്. വിലകുറഞ്ഞ ഭൂമി വില കൂട്ടി വാങ്ങിപണാപഹരണം നടത്തിയെന്ന പരാതി ഉയര്‍ന്നത് പാര്‍ട്ടിയില്‍ നിന്ന് തന്നെയാണ്. ജില്ലാ സെക്രട്ടേറിയേറ്റംഗവും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സി.കെ ചാമുണ്ണി, റൈസ് പാര്‍ക്ക് കണ്‍സോര്‍ഷ്യം സെക്രട്ടറിയും ചാമുണ്ണിയുടെ ബന്ധുവുമായ ആര്‍.സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ ഇന്നലെയാണ് പാര്‍ട്ടി നടപടിയെടുത്തത്.