തിരുവനന്തപുരം : സിപിഒ റാങ്ക് ഹോള്‍ഡേഴ്സിന്‍റെ സമരത്തെ വിമര്‍ശിച്ച് സിപിഐഎം നേതാക്കള്‍. റാങ്ക് പട്ടികയിലുള്ള മുഴുവന്‍ പേര്‍ക്കും നിയമനം എന്നുള്ളത് നടപ്പാക്കാനാകാത്ത കാര്യമാണെന്ന് പി.കെ.ശ്രീമതി പറഞ്ഞു. റാങ്ക് പട്ടികയില്‍ കുറെ പേര്‍ ഉണ്ടാകും. അതില്‍ എല്ലാവര്‍ക്കും നിയമനം ലഭിക്കില്ല. കൂടുതല്‍ വനിതാ പോലീസുകാര്‍ക്ക് നിയമനം നല്‍കിയത് പിണറായി സര്‍ക്കാരാണെന്നും പി.കെ. ശ്രീമതി പറഞ്ഞു. സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ എന്താണെന്ന് മനസ്സിലാക്കണം. അല്ലാതെ വാശിപിടിച്ച് മുന്നോട്ടു പോവുകയല്ല ചെയ്യേണ്ടത്. ഇപ്പോള്‍ സമരം ചെയ്യുന്നവര്‍ കാണിക്കുന്നത് വാശിയല്ല ദുര്‍വാശിയാണെന്നും ശ്രീമതി പറഞ്ഞു.
സമരത്തിനെതിരെ സിപിഐഎം നേതാവ് ഇ.പി. ജയരാജനും രംഗത്തെത്തി. സിപിഒ റാങ്ക് ലിസ്റ്റുകാര്‍ 18 ദിവസം വന്ന് സമരം കിടന്നാല്‍ നിയമവും ചട്ടവും മാറ്റാന്‍ കഴിയുമോ എന്നാണ് ഇ.പി. ചോദിച്ചത്. സമരം ചെയ്യുന്നവര്‍ എല്ലാ കാര്യവും ആലോചിക്കേണ്ടതാണ്. 18 ദിവസം എന്തിന് സമരം നടത്തിയെന്ന് അവര്‍ തന്നെ ആലോചിക്കണമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. സമരം നടത്തരുതെന്ന് അവരോട് ഉപദേശിക്കുകയാണ് വേണ്ടത്. ആശാ വര്‍ക്കര്‍മാരുടെ സമരം അനാവശ്യമാണ്. അവരെ തെറ്റിധരിപ്പിച്ച് സമരത്തിന് ഇറക്കിയതാണ്. അവരാണ് മറുപടി പറയേണ്ടതെന്നും ഇ.പി. ജയരാജന്‍ പ്രതികരിച്ചു.